സുപ്രീംകോടതി വിധിയെ തുടർന്ന് പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള രണ്ട് സ്ത്രീകൾ മാത്രമാണ് ശബരിമലയിൽ ദർശനം നടത്തിയതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞു. ശ്രീലങ്കൻ യുവതി ദർശനം നടത്തിയതിന് സ്ഥിരീകരണമില്ലെന്നും സഭയെ മന്ത്രി രേഖാമൂലം അറിയിച്ചു. ശബരിമല ആചാര – വിശ്വാസ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം തന്ത്രിയിൽ മാത്രം നിക്ഷിപ്തമല്ലെന്നും മന്ത്രി വ്യക്തമാക്കി.
51 യുവതികൾ ശബരിമലയിൽ ദർശനം നടത്തിയെന്നായിരുന്നു സർക്കാർ ആദ്യം സുപ്രീം കോടതിയെ അറിയിച്ചത്. ഈ ലിസ്റ്റിൽ പുരുഷന്മാരും ഉൾപ്പെട്ടെന്ന് തെളിഞ്ഞതോടെ പട്ടിക പുനപരിശോധിച്ചു. 34 പേരെ ഒഴിവാക്കി 17 പേരുടെ പട്ടിക നൽകി. എന്നാൽ രണ്ട് യുവതികൾ മാത്രമേ ദർശനം നടത്തിയുള്ളൂ എന്നാണ് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോർട്ടെന്നാണ് ദേവസ്വം മന്ത്രി പറയുന്നത്.
ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന് വിരുദ്ധമായ കണക്കാണ് ദേവസ്വം മന്ത്രി ഇന്ന് നിയമസഭയിൽ വെച്ചത്. ശ്രീലങ്കൻ യുവതി ശശികല ദർശനം നടത്തിയതിന് സ്ഥിരീകരണമില്ലെന്നും കെ.മുരളീധരൻ എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി കടകംപളളി സുരേന്ദ്രൻ അറിയിച്ചു. ആചാരാനുഷ്ഠാനങ്ങൾ ലംഘിക്കപ്പെട്ടാൽ നടയടച്ച് പരിഹാരക്രിയ നടത്താൻ ദേവസ്വം മാന്വൽ വ്യവസ്ഥ ചെയ്യുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. അത്തരം സാഹചര്യമുണ്ടായാൽ ദേവസ്വം അധികാരികളുമായി കൂടിയാലോചിച്ച് തന്ത്രിക്ക് പരിഹാരക്രിയ നടത്താം. ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം തന്ത്രിയിൽ മാത്രം നിക്ഷിപ്തമല്ലെന്നും മന്ത്രി വ്യക്തമാക്കി.
തന്ത്രി ദേവസ്വം ബോർഡ് ജീവനക്കാരനല്ലെന്നും എന്നാൽ മറ്റെല്ലാ ജീവനക്കാരെയും പോലെ ദേവസ്വം മാന്വൽ അനുസരിച്ച് പ്രവർത്തിക്കാൻ തന്ത്രിയും ബാധ്യസ്ഥനാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ സഭയെ അറിയിച്ചു.