പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി. ഇതോടെ ഇബ്രാഹിം കുഞ്ഞിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി അറസ്റ്റുൾപ്പെടെയുള്ള ക്രിമിനൽ നടപടികളിലേക്ക് പോകാന്‍ വിജിലൻസിന് കഴിയും.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ തെളിവുണ്ടെന്ന് കാട്ടിയാണ് വിജിലൻസ് അന്വേഷണ സംഘം സർക്കാരിനോട് പ്രോസിക്യൂഷന് അനുമതി തേടിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ വിജിലൻസ് സർക്കാരിന് കത്ത് നൽകി. ജനപ്രതിനിധി ആയതിനാൽ അഴിമതി നിരോധന നിയമപ്രകാരം ഗവർണറുടെ അനുമതി ആവശ്യമായതിനാൽ സർക്കാർ ഫയൽ ഗവർണർക്ക് കൈമാറി. മൂന്ന് മാസത്തിന് ശേഷമാണ് ഗവർണർ ഈ ഫയലിൽ ഒപ്പിടുന്നത്. ഇതിന് മുന്നോടിയായി മൂന്ന് തവണ സർക്കാരിനോട് വിശദാംശങ്ങൾ തേടിയ ഗവർണർ എജിയോട് നിയമോപദേശം തേടുകയും ചെയ്ത ശേഷമാണ് പ്രോസിക്യൂഷൻ അനുമതി നൽകിയത്. പ്രോസിക്യൂഷന് അനുമതി ലഭിച്ചതോടെ ഇബാഹിം കുഞ്ഞിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ വിജിലൻസിനാവും.
കൂടുതൽ ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്താനും അറസ്റ്റ് ചെയ്യാനും വഴിയൊരുങ്ങും. പ്രോസിക്യൂഷൻ അനുമതി വൈകിയതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടെന്ന ആക്ഷേപം ഉയരുകയും വിജിലൻസ് അപേക്ഷയിൽ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി സർക്കാരിനോട് ആരായുകയും ചെയ്തിരുന്നു. അന്വേഷണത്തിൽ ഭയമില്ലെന്നും പക്ഷെ ഉദ്യോഗസ്ഥരുടെ വീഴ്ചയിൽ ജനപ്രതിനിധികൾ ക്രിമിനൽ നടപടി നേരിടേണ്ടി വരുന്നത് തെറ്റായ കീഴ് വഴക്കമാകുമെന്നുമാണ് മുസ്ലിം ലീഗിന്റെ പ്രതികരണം.