നടിയെ ആക്രമിച്ച കേസിലെ സാക്ഷിവിസ്താരം തുടരുന്നു . യുവ നടിയെ ദിലീപിന്റെ ക്വട്ടേഷന്‍ പ്രകാരം തട്ടിക്കൊണ്ട് പോയി ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്ന കേസിലാണ് അന്തിമ വിചാരണ ആരംഭിച്ചത്. കേസിലെ ഇരയായ നടിയുടെ പ്രോസിക്യൂഷന്‍ വിസ്താരം ഇന്നും തുടരും. നാലുദിവസത്തിനു ശേഷം മാത്രമേ മറ്റു സാക്ഷികളെ വിസ്തരിക്കു.
നടിയുടെ സ്വകാര്യത മാനിച്ച് അവരുടെയോ വാഹനത്തിന്‍റെയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട് . അടച്ചിട്ട കോടതി മുറിയിലാണ് നടിയുടെ വിചാരണ നടക്കുന്നത് . കേസ് പരിഗണിക്കാന്‍ വനിതാ ജഡ്ജി തന്നെ വേണമെന്നുള്ള നടിയുടെ ആവശ്യം നേരത്തെ സുപ്രീം കോടതി അംഗീകരിച്ചിരുന്നു . കൊച്ചി സിബിഐ കോടതി ജഡ്ജിക്കാണ് ഇതിനുള്ള ചുമതല നല്‍കിയിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ 136 സാക്ഷികളെയാണ് കോടതി വിസ്തരിക്കുന്നത്. അതില്‍ മലയാള സിനിമയിലെ പ്രമുഖ നടി നടന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടാകും . 2012 ലാണ് കേസുമായി ബന്ധപ്പെട്ട ഗൂഡാലോചനയുടെ തുടക്കമെന്നും ഈ ഗൂഢാലോചനയില്‍ ദിലീപ് പങ്കാളിയാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിര്‍ണായക കണ്ടെത്തല്‍. ഒന്നാം പ്രതി പള്‍സര്‍ സുനി, എട്ടാം പ്രതി നടന്‍ ദിലീപ് എന്നിവരടക്കം 10 പേരാണ് കേസിലെ പ്രതിപ്പട്ടികയിലുള്ളത്. എട്ടാം പ്രതി നടന്‍ ദിലീപടക്കമുള്ള മുഴുവന്‍ പ്രതികളും ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു.