ജാമിഅ വെടിവെപ്പിൽ പൊലീസ് നിഷ്ക്രിയരായെന്ന് ആരോപിച്ച് ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ജാമിഅ വിദ്യാർഥികൾ. പൊലീസുദ്യോഗസ്ഥർക്കെതിരെ സസ്പെൻഷനടക്കമുള്ള നടപടി ആവിശ്യപ്പെട്ട് പരാതി നൽകാനൊരുങ്ങുകയാണ് വിദ്യാർഥികളുടെ കൂട്ടായ്മയായ ജാമിഅ കോഡിനേഷൻ കമ്മിറ്റി.
ഇന്നലെ ജാമിഅ കോഡിനേഷൻ കമ്മിറ്റി നടത്തിയ രാജ്ഗഢ് മാർച്ചിന് നേരെയാണ് ഹിന്ദുത്വവാദി രാംഭക്ത് ഗോപാൽ വെടിവെച്ചത്. സംഭവ സ്ഥലത്ത് വൻ പൊലീസ് സന്നാഹമുണ്ടായിരുന്നെങ്കിലും ഇയാൾ വെടിയുതിർക്കുന്നത് വരെ പൊലീസ് നോക്കി നിന്നുവെന്നാണ് ആരോപണം. ഇതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും വിദ്യാർഥികൾ ആരോപിച്ചിരുന്നു.
ശക്തമായ നടപടിയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പ്രതികരിച്ചെങ്കിലും എഫ്ഐആർ തയ്യാറാക്കുന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസിന് കാലതാമസമുണ്ടായിയെന്നാണ് ആരോപണം. ഉത്തരവാദികളായ പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടി ആവിശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് ജാമിഅ കോഡിനേഷൻ കമ്മിറ്റി ഇന്ന് പരാതി നൽകിയേക്കും.
ഇതേ ആവിശ്യമുന്നയിച്ച് ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ഇന്നലെ രാത്രി വിവിധ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. വെടിവെപ്പിന് ശേഷവും മാർച്ചുമായി മുന്നോട്ടുപോയ ജാമിഅ വിദ്യാർഥികളെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് വിദ്യാർഥികൾ പിരിഞ്ഞുപോയത്. അതേസമയം രണ്ട് മലയാളി വിദ്യാര്‍ഥിനികളടക്കം കസ്റ്റഡിയിലെടുത്തവരെ പൊലീസ് പിന്നീട് വിട്ടയച്ചു. സർവകലാശാല പ്രോക്ടർ ഇടപെട്ടതോടെയാണ് പൊലീസ് ഇവരെ വിട്ടയച്ചത്.