പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ തേരോട്ടം തുടരുന്നു. ലണ്ടന്‍ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ വെസ്റ്റ്ഹാം യുണൈറ്റഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തോല്പിച്ചത്. സാദിയോ മാനെ പേശീവലിവിനെ തുടര്‍ന്ന് പുറത്തിരുന്ന മത്സരത്തില്‍ ഒരു ഗോളും അസിസ്റ്റുമായി സലാഹ് മികച്ച പ്രകടനം തുടര്‍ന്നപ്പോള്‍ നിസാരമായാണ് ലിവര്‍പൂള്‍ വെസ്റ്റ്ഹാമിനെ മറികടന്നത്.
അവസാന 15 കളികളില്‍ ജയിച്ച ലിവര്‍പൂള്‍ അവസാനമായി തോറ്റത് കഴിഞ്ഞ സീസണില്‍ 41 മത്സരങ്ങള്‍ക്ക് മുമ്പാണ്. ജയത്തോടെ പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനക്കാരേക്കാള്‍ 19 പോയിന്റിന്റെ മുന്‍തൂക്കവും ലിവര്‍പൂള്‍ നേടി.
2017-18ന് ശേഷം സലാഹ് ലിവര്‍പൂളിനായി ഒരു ഗോളും അസിസ്റ്റും പതിനാലാം തവണയാണ് വിജയകരമായി പൂര്‍ത്തിയാക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മറ്റേത് കളിക്കാരനേക്കാളും ഇക്കാര്യത്തില്‍ മുന്നിലാണ് സലാഹ്. പതിയെ തുടങ്ങിയ മത്സരത്തില്‍ സലാഹ് 35ആംമിനുറ്റിലാണ് പെനല്‍റ്റിയിലൂടെ ലിവര്‍പൂളിനെ മുന്നിലെത്തിക്കുന്നത്.
തുടര്‍ച്ചയായ ലിവര്‍പൂള്‍ മുന്നേറ്റങ്ങള്‍ക്കൊടുവിലായിരുന്നു ആദ്യ ഗോള്‍. 5-4-1 ഫോര്‍മേഷനില്‍ പ്രതിരോധത്തില്‍ വട്ടമിട്ട് കളിച്ച വെസ്റ്റ് ഹാം യുണൈറ്റഡിനാകട്ടെ എങ്ങനെയെങ്കിലും ലിവര്‍പൂളിനെ ഗോളടിക്കാതെ തടയുക എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ രണ്ടാം പകുതിയില്‍ അവര്‍ കൂടുതല്‍ ഉണര്‍ന്ന് കളിച്ചതോടെ നിരവധി അവസരങ്ങള്‍ ഇരുടീമുകള്‍ക്കും ലഭിച്ചു. 52ആം മിനുറ്റിലായിരുന്നു സലാഹിന്റെ പാസില്‍ നിന്നും ചെംബര്‍ലിന്‍ ഗോള്‍ നേടിയത്. ഇതോടെ 2-0ത്തിന്റെ ആധികാരിക ജയത്തോടെ ലിവര്‍പൂള്‍ കളി അവസാനിപ്പിച്ചു.
24 കളികളില്‍ 23 ജയവും ഒരു സമനിലയുമായി ലിവര്‍പൂള്‍ 70 പോയിന്റുമായി അതിവേഗം കിരീടത്തിലേക്ക് അടുക്കുകയാണ്. രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 51 പോയിന്റ് മാത്രമാണുള്ളത്. മറുവശത്ത് വെസ്റ്റ്ഹാമാകട്ടെ തരംതാഴ്ത്തല്‍ ഭീഷണിയുടെ നിഴലിലാണ്. 24 കളികളില്‍ നിന്നും 23 പോയിന്റോടെ അവര്‍ അവസാനത്തു നിന്നും നാലാമതാണ്. അവസാനത്തെ മൂന്നു ടീമുകളാണ് പ്രീമിയര്‍ ലീഗില്‍ തരം താഴ്ത്തപ്പെടുക. ബേണ്‍മൗത്തിനും വാറ്റ്ഫോര്ഡിനും 23 പോയിന്റ് തന്നെയാണെങ്കിലും ഗോള്‍ ശരാശരിയുടെ നേരിയ പിന്‍ബലത്തിലാണ് വെസ്റ്റ്ഹാം ഇവര്‍ക്കു മുകളില്‍ നില്‍ക്കുന്നത്.