സൂപ്പര്‍ ഓവറിലേക്ക് നീണ്ട പോരാട്ടത്തിനൊടുവില്‍ ഇന്ത്യ ന്യൂസിലന്റിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത് 179 റണ്‍സെടുത്ത ഇന്ത്യക്ക് കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണായിരുന്നു(48 പന്തില്‍ 95) മറുപടി നല്‍കിയത്. എന്നാല്‍ ഷമിയുടെ അവസാന ഓവര്‍ ട്വിസ്റ്റിനൊടുവില്‍ കളി സമനിലയിലായതോടെ സൂപ്പര്‍ ഓവറിലാണ് വിജയികളെ തീരുമാനിച്ചത്. സൂപ്പര്‍ ഓവറില്‍ അവസാന രണ്ട് പന്തുകളില്‍ രണ്ട് സിക്‌സര്‍ പായിച്ചാണ് രോഹിത് ശര്‍മ്മ ഇന്ത്യയെ വിജയിപ്പിച്ചത്.
സ്‌കോര്‍
ഇന്ത്യ 179/5
ന്യൂസിലന്റ് 179/6
സൂപ്പര്‍ ഓവര്‍ (ന്യൂസിലന്റ് 17 ഇന്ത്യ 20)
വില്യംസണിന്റെ ഒറ്റയാള്‍ പോരാട്ടത്തിനൊടുവില്‍ ജയത്തിന് തൊട്ടടുത്തെത്തിയ ശേഷമാണ് കിവീസ് സമനിലയിലേക്ക് വീണുപോയത്. അവസാന ഓവര്‍ മുഹമ്മദ് ഷമി എറിയാനെത്തുമ്പോള്‍ ന്യൂസിലന്റിന് വേണ്ടത് ആറ് പന്തില്‍ ഒമ്പത് റണ്‍സ്. ക്രീസില്‍ 47 പന്തില്‍ 95 റണ്ണുമായി കെയ്ന്‍ വില്യംസണും കൂറ്റനടിക്കാരന്‍ റോസ് ടെയ്‌ലറും. ഷമിയെ ആദ്യ പന്ത് തന്നെ സിക്‌സറിന് പറത്തി ടെയ്‌ലര്‍ കിവീസ് പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി.
ടെയ്‌ലര്‍ രണ്ടാം പന്ത് സിംഗിളെടുത്തു. മൂന്നാം പന്തില്‍ വില്യംസണെ കീപ്പര്‍ രാഹുലിന്റെ കൈകളിലെത്തിച്ച് ഷമിയുടെ തിരിച്ചുവരവ്. നാലാം പന്തില്‍ ടിം സെയ്‌ഫെര്‍ട്ടിന് റണ്ണെടുക്കാനായില്ല. അഞ്ചാം പന്തും കീപ്പറുടെ കൈകളിലെത്തിയെങ്കിലും റണ്‍ ഓടി. രാഹുലിന്റെ ഏറ് മിസായതോടെ സ്‌കോര്‍ തുല്യം. അവസാന പന്തില്‍ റോസ് ടെയ്‌ലറുടെ കുറ്റിയിളക്കി ഷമി സംഭവബഹുലമായ ഓവര്‍ അവസാനിപ്പിപ്പിച്ചു. കളി സൂപ്പര്‍ ഓവറിലേക്ക്.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ന്യൂസിലന്റ് 17 റണ്‍ നേടി. ബുംറയായിരുന്നു ഇന്ത്യക്കുവേണ്ടി സൂപ്പര്‍ ഓവര്‍ എറിഞ്ഞത്. വില്യംസണ്‍ 11ഉം ഗുപ്റ്റില്‍ അഞ്ചും റണ്‍ അടിച്ചപ്പോള്‍ ഒരു റണ്‍ ബൈ വകയായിരുന്നു.
രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലുമാണ് ഇന്ത്യക്കുവേണ്ടി ഇറങ്ങിയത്. ആദ്യ പന്തില്‍ രോഹിത് രണ്ട് റണ്‍ നേടി. രണ്ടാംപന്തില്‍ സിംഗിള്‍. മൂന്നാം പന്തില്‍ സൗത്തിയെ രാഹുല്‍ ബൗണ്ടറി പായിച്ചു. നാലാം പന്ത് സിംഗിളെടുത്ത് സ്‌ട്രൈക്ക് രോഹിത് ശര്‍മ്മക്ക് കൈമാറി. അഞ്ചാം പന്തും ആറാം പന്തും സിക്‌സര്‍ പറത്തി രോഹിത്ത് ശര്‍മ്മ വീണ്ടും ഹിറ്റ്മാനായതോടെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. തുടക്കത്തിലും ഒടുക്കത്തിലും ഇന്ത്യയെ മുന്നില്‍ നിന്നു നയിച്ച രോഹിത്ത് ശര്‍മ്മയാണ് കളിയിലെ താരം.
ഇതോടെ മൂന്നാം ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0ത്തിന് സ്വന്തമാക്കി. ആദ്യമായാണ് ഇന്ത്യ ന്യൂസിലന്റില്‍ ടി20 പരമ്പര നേടുന്നത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് 179 റണ്‍സ് എടുത്തത്. അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും(65) വിരാട് കോലിയുമാണ്(38) ഇന്ത്യക്കുവേണ്ടി തിളങ്ങിയത്.
ആദ്യ വിക്കറ്റില്‍ 89 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഇന്ത്യയുടെ ഓപണിംങ് സഖ്യം വേര്‍പിരിഞ്ഞത്. ആദ്യ ഏഴ് ഓവറില്‍ 77 റണ്‍സാണ് ഇന്ത്യ നേടിയത് എന്നാല്‍ പിന്നീടുള്ള 13 ഓവറുകളില്‍ 7.85 ശരാശരിയില്‍ 102 റണ്‍ നേടാനേ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്കായുള്ളൂ. അതാണ് കളിയില്‍ നിര്‍ണ്ണായകമായത്.
ആദ്യം ലോകേഷ് രാഹുലും(19 പന്തില്‍ 27) വൈകാതെ ടോപ് സ്‌കോറര്‍ രോഹിത് ശര്‍മ്മയും(40 പന്തില്‍ 65) പുറത്തായി. ഇതിനിടെ മൂന്നു സിക്‌സും ആറ് ഫോറും രോഹിത് ശര്‍മ്മ പറത്തി. മൂന്നാമനായിറങ്ങിയ ശിവം ദുബെ(3) നിരാശപ്പെടുത്തിയെങ്കിലും കോലി(27 പന്തില്‍ 38) രക്ഷാപ്രവര്‍ത്തനം നടത്തിയതോടെ ഇന്ത്യന്‍ സ്‌കോറിന് മാന്യത ലഭിച്ചു.
കിവീസ് ബൗളര്‍മാരില്‍ ഏറ്റവും അടി കിട്ടിയ ഹാമിഷ് ബെന്നറ്റിന് തന്നെയായിരുന്നു ഏറ്റവും കൂടുതല്‍ വിക്കറ്റും ലഭിച്ചത്. നാല് ഓവറില്‍ 54 റണ്‍ വിട്ടുകൊടുത്ത ബെന്നറ്റ് മൂന്ന് വിലപ്പെട്ട വിക്കറ്റുകള്‍ വീഴ്ത്തി.