India Kerala

കൊറോണ: സംസ്ഥാനത്ത് 633 പേര്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജാഗ്രത ശക്തമാക്കി കേരളം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഇന്നലെ പുതുതായി 197 പേരെക്കൂടി നിരീക്ഷണത്തിലാക്കി.

കൊറോണ ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആകെ 633 പേരാണ് നിരീക്ഷണത്തിലുള്ളത്. ലക്ഷണങ്ങളുമായി 7 പേര്‍ ആശുപത്രിയിലുണ്ട്. ഇന്നലെ 6 പേരുടെ സാമ്പിളുകള്‍ കൂടി പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇതുവരെ വന്ന ആറ് റിസല്‍ട്ടുകളും നെഗറ്റീവാണ്. കൊറോണ സ്ഥിരീകരിച്ചാല്‍ നേരിടാനുള്ള സംവിധാനം ആരോഗ്യ വകുപ്പ് ഒരുക്കുന്നുണ്ട്. കൊച്ചിക്ക് പുറമെ തിരുവന്തപുരം എയര്‍പോര്‍ട്ടിലും പുതുതായി നിരീക്ഷണ സംവിധാനം സജ്ജമാക്കി. ചൈനയില്‍ നിന്ന് വരുന്നവര്‍ സ്വമേധയാ നിരീക്ഷണത്തിന് തയ്യാറാകണം.

സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമിന് പുറമെ ജില്ലാ കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം കൂടിയാണ് ഓരോ ദിവസത്തേയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. കൊറോണ രോഗബാധ പൂര്‍ണമായും ഇല്ലാതായെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നതു വരെ ഈ നിരീക്ഷണം തുടരേണ്ടതുണ്ട്.