സര്‍ക്കാര്‍ വീണ്ടും ബന്ധുനിയമന വിവാദത്തില്‍. ഹരിതകേരള മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ടി എന്‍ സീമയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍നിയമനം നല്‍കിയതാണ് വിവാദമായത്. സി ഡിറ്റില്‍ നിന്നും വിരമിച്ച ജയരാജിനെ സി ഡിറ്റ് ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. ജീവനക്കാരുടെ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാര്‍ നിയമനം.
വിരമിച്ച ഉദ്യോഗസ്ഥരെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലടക്കം നിയമിക്കരുതെന്ന തീരുമാനമായിരുന്നു സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ എടുത്തിരുന്നത്. എന്നാല്‍ ബന്ധുനിയമനത്തില്‍ മന്ത്രിമാര്‍ വിവാദത്തില്‍ പെട്ടതിന് പിന്നാലെയാണ് മറ്റൊരു നിയമന വിവാദം കൂടി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഹരിതകേരള മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ടി എന്‍ സീമയുടെ ഭര്‍ത്താവ് 2019 മാര്‍ച്ചില്‍ സിഡിറ്റില്‍ നിന്ന് രജിസ്ട്രാറായി വിരമിച്ചിരുന്നു. എന്നാല്‍ മൂന്ന് മാസത്തേക്ക് കൂടി കാലാവധി നീട്ടി നല്‍കി. ഇതിനെതിരെ സിപിഎം അനുകൂല സംഘടന ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു. ഡയറക്ടറുടെ നിയമനത്തിനുള്ള യോഗ്യതയിലും ജയരാജ് രജിസ്ട്രാറായിരിക്കുമ്പോള്‍ മാറ്റം വരുത്തിയെന്ന ആരോപണമുണ്ട്. ഇത് സൂചിപ്പിച്ച് സര്‍ക്കാരിന് ജീവനക്കാര്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതി അവഗണിച്ചാണ് ഒന്നരലക്ഷം രൂപ ശമ്പളത്തിന് ജയരാജിനെ ഡയറക്ടറായി നിയമിച്ചിരിക്കുന്നത്.