കുട്ടനാട് സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെയാണ് ജോസഫ് വിഭാഗം ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നില്ലെന്നും ജോസ് കെ മാണിയുടെ നീക്കങ്ങള്‍ വിലപ്പോകില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു.
തോമസ് ചാഴിക്കാടന് അധ്യക്ഷനായ സമിതിയെ നിശ്ചയിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ നടപടികളുമായി ജോസ് വിഭാഗം മുന്നോട്ട് പോകുമ്പോഴാണ് ജോസഫ് ഒരു പടി കൂടി കടന്ന് സ്ഥാനാര്‍ത്ഥിയുടെ പേര് വെളിപ്പെടുത്തിയത്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കുട്ടനാട്ടില്‍ മത്സരിച്ച ജേക്കബ് എബ്രഹാമിനാണ് കുട്ടനാട്ടില്‍ വിജയ സാധ്യതയെന്നാണ് പി.ജെ ജോസഫ് പറയുന്നത്. മറ്റ് പേരുകള്‍ അതുകൊണ്ട് തന്നെ ഇപ്പോള്‍ ഉയര്‍ന്ന് വന്നിട്ടില്ലെന്നും പി.ജെ പറഞ്ഞു. ജോസ് കെ മാണിയുടെ നീക്കങ്ങള്‍ വിലപ്പോകില്ലെന്ന് പറഞ്ഞ പിജെ കുട്ടനാട്ടില്‍ പാലാ മോഡല്‍ കൂക്കുവിളികള്‍ ഉണ്ടാകില്ലെന്നും പറഞ്ഞു. യുഡിഎഫ് സീറ്റ് ഏറ്റെടുക്കില്ല.
രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്നും പിജെ വ്യക്തമാക്കി. അതേസമയം ജോസഫിനെതിരെ പ്രതിച്ഛായയില്‍ വീണ്ടും ലേഖനം വന്നു. പിജെ വഞ്ചനയുടെ ചരിത്രം ആവര്‍ത്തിക്കുകയാണെന്നും ഉയിര് നല്‍കിയവര്‍ക്ക് ഉദകക്രിയ ചെയ്യുന്ന വിചിത്ര നിലപാടാണ് പിജെയുടേതെന്നും പ്രതിച്ഛായ വിമര്‍ശിച്ചു.