Entertainment

“ശാഹീന്‍ ബാഗ് സമരം രാജ്യം മുഴുവന്‍ പടരും, പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനങ്ങള്‍ ശബ്ദമുയര്‍ത്തണം”: നന്ദിത ദാസ്

വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി നടിയും സംവിധായികയുമായ നന്ദിത ദാസ്. ഡൽഹിയിലെ ശാഹീന്‍ ബാഗ് പോലുള്ള പ്രക്ഷോഭ കേന്ദ്രങ്ങൾ രാജ്യമെമ്പാടും ഉയർന്നുവരികയാണെന്ന് നന്ദിത ദാസ് പറഞ്ഞു. ജയ്പുര്‍ സാഹിത്യാത്സവത്തിന്റെ ഉദ്ഘാടന ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നന്ദിത ദാസ്. സിനിമ മേഖലയിൽ നിന്നുള്ളവർ സി.എ.എക്കും എൻ.ആർ.സിക്കും എതിരെ ശബ്ദമുയർത്തിയത് വലിയ കാര്യമായി കരുതുന്നുവെന്നും നന്ദിത ദാസ് പറഞ്ഞു.

‘ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണ്. എന്നാല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ തിരിച്ചറിയപ്പെടാന്‍ ആദ്യമായി ഇവിടുത്തെ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നു. രാജ്യം നിരവധി വെല്ലുവിളികളാണ് ഇന്ന് നേരിടുന്നത്. തൊഴിലില്ലായ്മ വര്‍ധിച്ചു. രാജ്യത്തിന്റെ സാമ്പത്തിക നിലയും കഠിനമാണ്. ഈ സമയത്താണ് ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നാല് തലമുറയിലേറെയായി രാജ്യത്ത് കഴിയുന്നവരോട് ഉൾപ്പടെ ഇന്ത്യക്കാരാണെന്ന് തെളിയിക്കാൻ ആവശ്യപ്പെടുകയാണ് സർക്കാർ. ഇത് സങ്കടകരമാണ്. ഇതിനെതിരെ എല്ലാവരും പ്രതികരിക്കേണ്ടതുണ്ടെന്നും നന്ദിത ദാസ് പറഞ്ഞു.

സാധാരണക്കാരും വിദ്യാർഥികളുമാണ് രാജ്യത്ത് സമരം നയിക്കുന്നത്. യുവാക്കളിലാണ് രാജ്യത്തിന്‍റെ പ്രതീക്ഷ. സാമ്പത്തിക തകർച്ച, തൊഴിലില്ലായ്മ എന്നിവയോടൊപ്പം സി.എ.എ, എൻ.ആർ.സി മുതലായവ കൂടി വരുമ്പോൾ ജനങ്ങളെ മതത്തിന്‍റെ പേരിൽ വിഭജിക്കുന്ന രാജ്യമെന്ന നിലയിലാണ് ഇന്ത്യയെ ലോകം കാണുന്നതെന്നും നന്ദിത ദാസ് കൂട്ടിച്ചേര്‍ത്തു.