India National

പീഡനകേസില്‍ ജയിലില്‍ കിടന്നയാള്‍ക്ക് എം.പിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ രണ്ട് ദിവസത്തെ പരോള്‍

പീഡനകേസില്‍ ജയിലില്‍ കിടന്നയാള്‍ക്ക് എം.പിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പരോള്‍ അനുവദിച്ച് അലഹബാദ് ഹൈക്കോടതി. രണ്ട് ദിവസത്തെ പരോളിനാണ് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ഗോസി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ബി.എസ്.പി ടിക്കറ്റില്‍ വിജയിച്ച അതുല്‍ റായ് പീഡനകേസില്‍ ജയിലിലായതിനെ തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇതിന് മുമ്പ് ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും ആവശ്യം കോടതി നിരസിച്ചു.

രണ്ട് ദിവസത്തെ പരോള്‍ അനുവദിക്കുന്നതിലൂടെ ജനുവരി 29ന് അതുല്‍ രാജിന് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലേക്ക് പൊലീസ് കസ്റ്റഡിയില്‍ പോകാമെന്നും ജനുവരി 31ന് സത്യപ്രതിജ്ഞ കഴിഞ്ഞ് തിരിച്ചു പൊലീസ് കസ്റ്റഡിയില്‍ പ്രവേശിക്കാമെന്നും ജസ്റ്റിസ് രമേശ് സിന്‍ഹ പരോള്‍ ഉത്തരവില്‍ പറഞ്ഞു.

പീഡനകേസില്‍ ജയിലിലായതിനാല്‍ ലോക്സഭാംഗമായി തെരഞ്ഞെടുത്തതിന് ശേഷം അതുല്‍ റായിക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ കൌണ്‍സില്‍ വാദിച്ചു. ആദ്യ ജാമ്യഹരജി നിഷേധിച്ചതിന് ശേഷമുള്ള രണ്ടാമത്തെ ജാമ്യഹരജിയായിരുന്നു ഇന്നലെ കോടതി പരിഗണിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് ഒന്നിന് ലാങ്ക പൊലീസ് സ്റ്റേഷനില്‍ അതുല്‍ റായിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നതും ജയിലിലടക്കുന്നതും.