India National

ഇന്ത്യന്‍ മുസ്‍ലിംകളെ തൊടാന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ലെന്ന് രാജ്നാഥ് സിങ്

സാമുദായിക വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശക്തികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യൻ മുസ്‍ലിംകളെ തൊടാൻ ആർക്കും ധൈര്യമുണ്ടാകില്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം (സി.‌എ‌.എ), ദേശീയ പൗരത്വ രജിസ്റ്റർ (എൻ‌.ആർ.‌സി), ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.‌പി‌.ആർ) എന്നിവ നടപ്പാക്കാനുള്ള സർക്കാരിന്റെ പദ്ധതികൾക്കെതിരെ രാജ്യം മുഴുവന്‍ ശക്തമായ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പ്രസ്താവന. മീററ്റിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങൾ മതപരമായ വിവേചനങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ പോരാടുകയും ദുരിതപൂർണമായ ജീവിതം നയിക്കുകയുമാണ്. ഈ നിയമം കൊണ്ടുവന്നതിലൂടെ ഇന്ത്യ ധാർമ്മിക ബാധ്യത നിറവേറ്റുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എൻ‌.ആർ‌.സിയെയും എൻ.‌പി.‌ആറിനെയും എതിർക്കുന്ന പ്രതിഷേധക്കാരെ ചോദ്യം ചെയ്ത അദ്ദേഹം, ഈ നിയമങ്ങൾ മൂലം മുസ്‍ലിംകള്‍ ഇന്ത്യയിൽ നിന്ന് പുറത്താകുമെന്ന ആശങ്ക അസ്ഥാനത്താണെന്നും പറഞ്ഞു.

”എൻ‌.ആർ‌.സിയെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല. പക്ഷേ, ഒരു രാജ്യം പൗരന്മാരുടെ ദേശീയ രജിസ്റ്റർ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കരുതുക, എന്തിന് ഇതിനെ എതിർക്കണം? സർക്കാർ പദ്ധതികളിലൂടെ ആനുകൂല്യങ്ങൾ തേടുന്നതിന് ജനങ്ങൾക്ക് ഒരു രേഖ ആവശ്യമല്ലേ? … എന്നാൽ അവർ പറയുന്നത് നിങ്ങൾ എൻ‌.പി‌.ആർ രജിസ്റ്റർ ചെയ്യുകയാണെന്നും തുടർന്ന് നിങ്ങൾ എൻ.‌ആർ‌.സി കൊണ്ടുവന്ന് എല്ലാ മുസ്‌ലിംകളെയും പുറത്താക്കുമെന്നുമാണ്. ഇന്ത്യൻ പൗരനായ ഒരു മുസ്‌ലിമിനെയും തൊടാൻ ആർക്കും കഴിയില്ലെന്ന് ഇവിടെയുള്ള മുസ്‌ലിംകളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ആർക്കെങ്കിലും എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അവർക്ക് ഞങ്ങളുടെ അടുത്തേക്ക് വരാം… ഞങ്ങൾ ആ മുസ്‍ലിം പൗരനോടൊപ്പം നിൽക്കും,” രാജ്നാഥ് സിങ് പറഞ്ഞു.

അയല്‍രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളോട് അനുഭാവമുള്ള ഒരു ഇന്ത്യൻ സർക്കാരിനെയാണ് മഹാത്മാ ഗാന്ധി പോലും ആഗ്രഹിച്ചിരുന്നത്. ഗാന്ധിജി പറഞ്ഞത് ഞങ്ങൾ ചെയ്തു (സി‌.എ‌.എ). ഞങ്ങൾ എന്ത് തെറ്റാണ് ചെയ്തത്? സി‌.എ‌.എയുടെ വിഷയത്തിൽ ഹിന്ദുക്കള്‍ക്കും മുസ്‍ലിംകള്‍ക്കും ഇടയില്‍ ഭിന്നത സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ചില ശക്തികളുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.