ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഡൽഹിയിലത്തി. നേരത്തെ ഏർപ്പെടുത്തിയ വിലക്ക് കോടതി നീക്കിയതോടെ ഡൽഹിയിലെത്തിയ ആസാദ് ആദ്യമെത്തിയത് പൗരത്വ വിരുദ്ധ പ്രക്ഷോഭം തുടങ്ങിയ ജാമിഅ മില്ലിയ സർവകലാശാലയിലും സമരം തുടരുന്ന ഷാഹിൻ ബാഗിലെ സമരപന്തലിലുമാണ്. ഷാഹിൻ ബാഗ് മാതൃകയിൽ ആയിരക്കണക്കിന് സമരപന്തലുകൾ രാജ്യത്തുടനീളം തീർക്കുമെന്ന് ചന്ദ്രശേഖർ ആസാദ് പറഞ്ഞു.
നേരത്തെ കടുത്ത ഉപാധികളോടെയാണ് ഡല്‍ഹി കോടതി ആസാദിന് ജാമ്യം അനുവദിച്ചിരുന്നത്. ചന്ദ്രശേഖര്‍ ആസാദിനെ കഴിഞ്ഞ ഡിസംബര്‍ 21ന് ഡല്‍ഹിയില്‍ നടന്ന സമരത്തിനിടയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുപത്താറു ദിവസങ്ങള്‍ക്ക് ശേഷമാണ് കോടതി ആസാദിന് ജാമ്യം അനുവദിച്ചത്. 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹി വിടണമെന്ന ഉപാധിയിലാണ് ഡല്‍ഹി കോടതി ബുധനാഴ്ച അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ഈ ഉപാധിയില്‍ ഇളവ് നല്‍കണം എന്നാവശ്യപ്പെട്ട് ചന്ദ്രശേഖര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ആസാദിന് ഡല്‍ഹിയില്‍ പ്രവേശിക്കാമെന്ന് കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് പ്രഖ്യാപിച്ചത്.