ഹൈക്കമാന്റിന് മുന്നിലെത്തിയിട്ടും കെ.പി.സി.സി ഭാരവാഹി പട്ടിക പുറത്തിറങ്ങാൻ വൈകുന്നു. ചർച്ചകൾ ഇന്നലെ പൂർത്തിയായെങ്കിലും പട്ടികയ്ക്ക് അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. ജംബോ പട്ടികയിൽ കടുത്ത അത്യപ്തിയിലാണ് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
നിലവിലുള്ള കൊടിക്കുന്നിൽ സുരേഷിനും കെ സുധാകരനുമൊപ്പം വി.ഡി സതീശൻ, കെ.വി തോമസ്, പി സി വിഷ്ണുനാഥ്, ടി സിദ്ദീഖു മടക്കം 6 വർക്കിങ് പ്രസിഡൻറുമാർ, 13 വൈസ് പ്രസിഡന്റുമാർ, 36 ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാരും എക്സിക്യൂട്ടീവ് അംഗങ്ങളും ആയി 70 പേർ. ഇങ്ങനെ 127 പേരടങ്ങുന്നതാണ് നിലവിലെ പട്ടിക. പട്ടിക ഹൈക്കമാന്റിന് കൈമാറിയിട്ടുണ്ട്.
എന്നാൽ അധ്യക്ഷ സോണിയ ഗാന്ധി റായ്ബറേലിൽ ആയിരുന്നതിനാൽ പട്ടികയിൽ ഒപ്പുവച്ചിട്ടില്ല. ചർച്ച പൂർത്തിയായതിനാൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി നാട്ടിലേക്ക് മടങ്ങി. പക്ഷെ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിൽ തുടരുകയാണ്. ജംബോ പട്ടികയിൽ കടുത്ത അതൃപ്തിയിലാണ് മുല്ലപ്പള്ളി. ഒരാൾക്ക് ഒരു പദവി, 75 ന് താഴെയുള്ള പട്ടിക അടക്കമുള്ള മുല്ലപ്പള്ളിയുടെ എല്ലാ നിർദേശങ്ങളും തള്ളിയാണ് ഗ്രൂപ്പുകൾ പട്ടികയിൽ അധിപത്യം ഉറപ്പിച്ചത്.
ഒരേ സമയം വർക്കിങ് പ്രസിഡൻമാരും വൈസ് പ്രസിഡന്റുമാരുമുള്ള പട്ടിക ഗ്രൂപ്പ് ആധിപത്യത്തിന് വഴിവെക്കുമെന്നും മുല്ലപ്പള്ളി ആവർത്തിക്കുന്നു. പ്രധാന ഭാരവാഹികളിൽ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതിലും അത്യപ്തിയുണ്ട്. വൈസ് പ്രസിഡന്റായി കെ.സി റോസക്കുട്ടി മാത്രമാണ് ഉള്ളത്. ജനറൽ സെക്രട്ടറിമാരായാണ് പത്മജ വേണുഗോപാൽ, പി.കെ ജയലക്ഷ്മി, ദീപ്തി മേരി വർഗീസ് അടക്കമുള്ളവരുള്ളത്. അത്യപ്തി ഹൈക്കമാന്റിനെ അറിയിച്ചിരുന്നെങ്കിലും സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് തള്ളി. ജംബോ പട്ടിക വെട്ടിക്കുറയ്ക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പിനെ അടക്കം ബാധിക്കും എന്നായിരുന്നു ഗ്രൂപ്പുകളുടെ വാദം.