ജനാധിപത്യ രാജ്യത്ത് പൗരന്മാർക്ക് മേൽ നിയമം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് പശ്ചിമ ബംഗാൾ ബി.ജെ.പി വൈസ് പ്രസിഡന്റും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകനുമായ ചന്ദ്ര കുമാർ ബോസ്. കഴിഞ്ഞ മാസം പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞങ്ങൾ പറഞ്ഞത് ശരിയാണെന്നും നിങ്ങള്‍ക്കാണ് തെറ്റ് പറ്റിയതെന്നും ജനങ്ങളോട് വിശദീകരിക്കുക എന്നതാണ് നമ്മുടെ ദൌത്യം. ആരെയും അധിക്ഷേപിക്കാൻ പാടില്ല. ഇന്ന് നമുക്ക് ഭൂരിപക്ഷമുണ്ടെന്ന് കരുതി രാഷ്ട്രീയ ഭീകരതക്കും മുതിരാന്‍ കഴിയില്ല. സി.എ.എയുടെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണം, ” ചേന്ദ്ര കുമാര്‍ ബോസ് പറഞ്ഞു. “ഒരു ബിൽ ഒരു നിയമമായി പാസായി കഴിഞ്ഞാൽ, അത് എല്ലാ സംസ്ഥാന സർക്കാരുകള്‍ക്കും ബാധകമാണ്. അതാണ് നിയമപരമായ സാധുത. എന്നാൽ ഒരു ജനാധിപത്യ രാജ്യത്ത് പൗരന്മാർക്കെതിരെ ഒരു നിയമവും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ പ്രചാരണത്തെ മുഴുവൻ തകർക്കുന്ന തരത്തില്‍ ബില്ലിൽ ചില മാറ്റങ്ങൾ വരുത്താനും ബോസ് നിർദ്ദേശിച്ചു. “ഇത് പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്കുള്ളതാണെന്ന് നമ്മൾ പ്രത്യേകം പറയേണ്ടതുണ്ട്. ഇതില്‍ ഒരു മതത്തെയും പരാമർശിക്കരുത്. നമ്മുടെ സമീപനം വ്യത്യസ്തമായിരിക്കണം, ” അദ്ദേഹം പറഞ്ഞു. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം രാജ്യത്താകമാനം സി.എ.എ വിരുദ്ധ പ്രതിഷേധം തുടരുകയാണ്. പശ്ചിമ ബംഗാളിലാണ് പ്രതിഷേധം ഏറ്റവും രൂക്ഷമായത്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും മുഖ്യമന്ത്രി മമത ബാനർജിയും ഈ നിയമം തന്റെ സംസ്ഥാനത്ത് നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.