പൗരത്വ നിയമഭേദഗതിക്ക് എതിരെ സുപ്രീം കോടതിയില്‍ പോകുന്നതിന് അനുമതി തേടണമെന്ന ഗവർണറുടെ വാദത്തെ തള്ളി സർക്കാർ. ഇതില്‍ റൂൾസ് ഓഫ് ബിസിനസിന്റെ ലംഘനമുണ്ടായിട്ടില്ലെന്നും സര്‍ക്കാരിനെതിരായ ഗവര്‍ണറുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും നിയമന്ത്രി എ. കെ ബാലന്‍. ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്ന് നിയമലംഘനങ്ങള്‍ ഉണ്ടായിട്ടില്ല. അങ്ങനെയൊന്ന് ഞങ്ങളുടെ അറിവില്‍ പെട്ടിട്ടില്ല. സമ്മതം വാങ്ങണം എന്ന് ഭരണഘടനയിലോ റൂള്‍സ് ഓഫ് ബിസിനസ്സിലോ നിയമസഭ നിയന്ത്രിക്കുന്ന ചട്ടങ്ങളിലോ ഒന്നുമില്ല. ഗവര്‍ണറെ അറിയിക്കണം എന്നുമാത്രമാണ്. ഗവര്‍ണറുടെ അധികാരം ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഗവർണറുടെ ധാരണ തിരുത്താൻ നിയമ വിദഗ്ധരുമായി ആലോചിച്ച് മറുപടി നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ഗവർണറെ വിമര്‍ശിച്ച് ദേശാഭിമാനിയിലും മുഖപ്രസംഗം വന്നു.
ഗവര്‍ണര്‍ ചോദിച്ച ഭരണഘടനാപരമായ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്കും പറഞ്ഞു. വാർത്താ സമ്മേളനത്തിലൂടെയല്ല, ഔചിത്യത്തോട് കൂടിയുള്ള ചർച്ചയാണ് നടത്തേണ്ടതെന്ന് തോമസ് ഐസക് പറഞ്ഞു. ഭരണഘടന അനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് തന്നെയാണ് അധികാരമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഒരു സംസ്ഥാനത്ത് രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാകുന്നത് ഭരണ പ്രതിസന്ധി ഉണ്ടാക്കും. ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പ്രതിനിധി മാത്രമാണ്. ഇക്കാര്യത്തില്‍ തര്‍ക്കത്തിന്റെ ആവശ്യമില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്ക് എതിരായി സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുൻപ് അനുമതി വാങ്ങാത്തത് റൂൾസ് ഓഫ് ബിസിനസിന്റെ ലംഘനമാണെന്ന ഗവർണറുടെ വാദത്തെയാണ് നിയമ മന്ത്രി തള്ളിക്കളയുന്നത്. കേന്ദ്ര സർക്കാരുമായോ കോടതികളുമായോ ഏറ്റുമുട്ടൽ ഉണ്ടാകുന്ന വിഷയങ്ങളിൽ മാത്രം ഗവർണറെ അറിയിച്ചാൽ മതി. കേന്ദ്ര സർക്കാർ പാസാക്കിയ നിയമത്തോടാണ് സർക്കാരിന്റെ വിമർശനം. അതിന് ആർട്ടിക്കിൾ 131 ന്റെ പിൻബലം ഉണ്ടെന്നും മന്ത്രി ബാലന്‍ വ്യക്തമാക്കി.
വിശദീകരണം ചോദിക്കുമെന്ന് പറഞ്ഞതല്ലാതെ ഇതുവരെ സർക്കാരിന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. നാളെ ഗവർണർ തിരികെ എത്തിയ ശേഷമേ വിശദീകരണം ചോദിക്കാൻ സാധ്യതയുള്ളൂ. അതേ സമയം സംസ്ഥാനത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് താനാണെന്ന് ഗവർണ്ണർക്ക് തെറ്റിദ്ധാരണയാണുള്ളതെന്നും സർക്കാറിന്റെ ദൈനംദിന കാര്യങ്ങൾ ഗവർണ്ണറെ അറിയിക്കണമെന്ന് ഭരണഘടനയിൽ പറയുന്നില്ലെന്നും ദേശാഭിമാനിയിലെ മുഖപ്രസംഗത്തിൽ വിമർശനം ഉന്നയിക്കുന്നുണ്ട്.
അതേസമയം ഗവർണർ നിയമത്തിന് അനുസരിച്ച് പ്രവർത്തിക്കുന്നതാണ് സർക്കാരിന് പ്രശ്നമുണ്ടാക്കുന്നത് എന്നായിരുന്നു കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രതികരണം.. ഗവർണറുടെ നിലപാട് വോട്ട് രാഷ്ട്രീയത്തിന് എതിരായുള്ളതാണ്. സത്യങ്ങൾ ജനങ്ങൾ അറിഞ്ഞതിന്റെ ജാള്യത മറക്കാനാണ് സർക്കാർ ഗവർണറെ എതിർക്കുന്നതെന്നും വി. മുരളീധരൻ പറഞ്ഞു.