India National

എന്‍.പി.ആറില്‍ ആധാര്‍ നമ്പറുകള്‍ നല്‍കല്‍ നിര്‍ബന്ധമല്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു

എന്‍.പി.ആറില്‍ ആധാര്‍ നമ്പറുകള്‍ നല്‍കല്‍ നിര്‍ബന്ധമല്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു. ആധാര്‍ നമ്പറുകൾ ശേഖരിക്കുന്നത് നിര്‍ബന്ധമാക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിന് അധികാരമുണ്ടെന്നാണ് കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയത്തിന്റെ വാദം. ഇത് സംബന്ധിച്ച രേഖകള്‍ ദേശീയ മാധ്യമം പുറത്തുവിട്ടു.

ഇതിനകം 60 കോടി ആധാര്‍ നമ്പറുകള്‍ എന്‍.പി.ആറിന്റെ ഭാഗമായി ശേഖരിച്ചു കഴിഞ്ഞിട്ടുണ്ടെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഇത് മൊത്തം ആധാര്‍ ഉപയോക്താക്കളില്‍ പകുതി വരും. അതേസമയം എന്‍.പി.ആറിന്റെ ഭാഗമായി ആധാര്‍ നമ്പറുകള്‍ ശേഖരിക്കുന്നത് നിർബന്ധിച്ചുകൊണ്ടല്ലെന്ന വിശദീകരണമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയിരുന്നത്. അതേസമയം ദേശീയ മാധ്യമമായ ദി വയര്‍ പുറത്തുവിട്ട രേഖകള്‍ ഈ സര്‍ക്കാര്‍ വാദം പൊളിക്കുന്നതാണ്. വിവര സാങ്കേതിക മന്ത്രാലയവുമായി നടത്തിയ ആശയവിനിമയങ്ങളുടെ രേഖകളിലാണ് എന്‍.പി.ആറിന്റെ ഭാഗമായി ആധാര്‍ നമ്പറുകൾ നിര്‍ബന്ധമായും ‌ശേഖരിക്കാന്‍ ‌നിയമപരമായി വകുപ്പുണ്ടെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയത്. ഇതിനായി പൌരത്വ നിയമത്തിലോ ആധാര്‍ നിയമത്തിലോ ഭേദഗതി ആവശ്യമാണെങ്കില്‍ അത് കൊണ്ടുവരുമെന്നുമാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12ന് രജിസ്ട്രാര്‍ ജനറല്‍ ഒപ്പിട്ട ഫയലിലെ കുറിച്ചിരിക്കുന്നത്.

കോടതി ഉത്തരവനുസരിച്ച് ആധാര്‍ നമ്പറുകള്‍ നിര്‍ബന്ധിച്ച് ശേഖരിക്കാന്‍ അധികാരമില്ലെന്ന് നേരത്തെ ഇക്കാര്യത്തില്‍ അഭിപ്രായം തേടിയ രജിസ്ട്രാർ ജനറല്‍ ഓഫ് ഇന്ത്യയോട് വിവര സാങ്കേതിക മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഈ നിയമോപദേശം ശരിയല്ലെന്നും ആധാര്‍ വിധി സര്‍ക്കാര്‍ ഏജന്‍സിക്ക് ബാധകമല്ലെന്നുമുള്ള നിലപാടിന്റെ അടിസ്ഥാനത്തിലാണ് എന്‍.പി.ആറിന്റെ ചുമതലയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലെ രജിസ്ട്രാര്‍ ജനറലിന്റെ ഇത്തരമൊരു കുറിപ്പെഴുതിയത്.