India Kerala

സവാദ് വധക്കേസ്: വില്ലേജ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

മലപ്പുറം താനൂര്‍ സവാദ് വധക്കേസിലെ സീന്‍മാപ്പ് നല്‍കാത്ത ഒഴൂര്‍ വില്ലേജ് ഓഫീസര്‍ എ. ജോസിനെ ജില്ലാ കലക്ടർ സസ്പെൻഡ് ചെയ്തു. മഹസര്‍ റിപ്പോര്‍ട്ടില്‍ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിച്ച് വില്ലേജ് ഓഫീസര്‍ നല്‍കുന്ന രേഖയാണ് സീന്‍മാപ്പ്. വീഴ്ച വരുത്തിയ വില്ലേജ് ഓഫീസർക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊല്ലപ്പെട്ട സവാദിൻറെ ബന്ധുക്കൾ ഉപരോധ സമരം നടത്തിയിരുന്നു.

താനൂരില്‍ ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജാമ്യം ലഭിക്കാൻ കാരണമായത് പൊലീസ് കുറ്റപത്രം സമർപ്പിക്കാത്തതാണ്. ഒഴൂർ വില്ലേജ് ഓഫീസർ എ ജോസ് സീന്‍മാപ്പ് നല്‍കിയില്ലെന്നാണ് പൊലീസ് കോടതിയിൽ ബോധിപ്പിച്ചിരുന്നത്. തിരൂര്‍ തഹസീല്‍ദാറുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ വീഴ്ച വരുത്തിയ വില്ലേജ് ഓഫീസറെ മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണ സസ്പെന്റ് ചെയ്തു. വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

മത്സ്യത്തൊഴിലാളിയായിരുന്ന സവാദ് ഒക്ടോബര്‍ നാലിനാണ് കൊല്ലപ്പെട്ടത്. വീടിന്‍റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന സവാദിനെ ഭാര്യ സൗജത്തും കാമുകന്‍ ഓമച്ചപ്പുഴ സ്വദേശി ബഷീറും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. രണ്ട് ദിവസത്തിനകം പ്രതികൾ അറസ്റ്റിലായി. എന്നാല്‍ നാല് മാസമാകാറായിട്ടും വില്ലേജ് ഓഫീസര്‍ എ. ജോസ് സീന്‍മാപ്പ് പൊലീസിന് കൈമാറിയില്ല. മറ്റ് നാല് കേസുകളിലും എ. ജോസ് സീന്‍മാപ്പ് നല്‍കിയിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.