India Kerala

നിലവിലെ അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്ന് കൊല്ലപ്പെട്ട പൊലീസുകാരന്‍റെ ഭാര്യ

അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്ന് കളിയിക്കാവിളയില്‍ കൊല്ലപ്പെട്ട വിന്‍സന്റിന്റെ ഭാര്യ എയ്‍ഞ്ചല്‍ മേരി. ഇപ്പോള്‍ നടക്കുന്ന അനേഷ്വണത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്, കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവിശ്യമില്ല. കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന് പൊലീസ് കണ്ടത്തട്ടെ എന്നും എയ്‍ഞ്ചല്‍ മേരി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കേസിലെ മുഖ്യപ്രതികളായ അബ്ദുൽ ഷമീം, തൌഫീഖ് എന്നിവരെ കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നും പിടികൂടിയിയത്. റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഷമീമും തൌഫീഖും പോലീസിന്‍റെ പിടിയിലായത്. കർണാടക പോലീസും തമിഴ്നാട് ക്യൂബ്രാഞ്ചും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.

കർണാടകയിൽ പ്രതികളുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വ്യാപക തെരച്ചിൽ നടന്നുവരികയായിരുന്നു. ഇതിനിടെയാണ് പ്രതികൾ വലയിലായത്. ഷമീമിനെയും തൌഫീഖിനെയും തമിഴ്നാട് ക്യൂ ബ്രാഞ്ച് ഇന്ദ്രാളി പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്.

മുഖ്യപ്രതികൾ പിടിയിലായതോടെ കേസിൽ ഗൂഡാലോചന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിക്കും. പ്രതികളെ രണ്ട് ദിവസത്തിനുള്ളിൽ തെളിവെടുപ്പിന് കൊണ്ടുപോകുമെന്നാണ് അറിയാൻ കഴിയുന്നത്. കഴിഞ്ഞയാഴ്ചയാണ് തമിഴ്നാട് ടാസ്ക് പോലീസിലെ സ്പെഷ്യൽ എസ്.ഐ വിൻസന്‍റിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.

ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും കന്യാകുമാരി സ്വദേശികളായ തൌഫീഖും ഷമീമുമാണ് കൃത്യം നടത്തിയതെന്ന് പോലീസിന് കണ്ടെത്താനായി. അതേസമയം സ്പെഷ്യൽ എസ് ഐയുടെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ മുഴുവൻ അതിർത്തി ചെക്പോസ്റ്റുകളിലേയും പോലീസുകാർക്ക് തോക്ക് അനുവദിച്ചുനൽകി. ചെക്പോസ്റ്റുകളിൽ അംഗബലം വർദ്ദിപ്പിക്കാനും തമിഴ്നാട് ഡി.ജി.പി നിർദേശം നൽകി.