പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ .നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സര്‍ക്കാര്‍ ഹരജിയില്‍ പറയുന്നു. ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ സി.എ.എക്കെതിരെ കോടതിയെ സമീപിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുടക്കം മുതലെ സര്‍ക്കാര്‍ എതിരായിരുന്നു. പ്രതിപക്ഷവും പൗരത്വ നിയമത്തിനെ പിന്തുണച്ചിരുന്നില്ല. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നതല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഭൂരിപക്ഷം ഉപയോഗിച്ച് എന്തും ചെയ്യമെന്നാണ് കേന്ദ്ര സർക്കാർ വിചാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവും പറഞ്ഞിരുന്നു.
ആർ.എസ്.എസിന്റെ അജണ്ട നടപ്പിലാക്കാനല്ല കേരളത്തിലെ സർക്കാർ പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പല തവണ വ്യക്തമാക്കിയിട്ടുണ്ട്. ആര്.എസ്.എസിന്റെ ഒരു ഭീഷണിയും കേരളത്തില്‍ ചെലവാകില്ല. ഇവിടെ ഒരാളും ജനന സർട്ടിഫിക്കറ്റും തേടി പോവേണ്ടതില്ലെന്നും പിണറായി വിജയന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.