മരടിൽ ഫ്ലാറ്റുകൾ പൊളിച്ചുനീക്കിയതിന് ശേഷമുള്ള പൊടിശല്യം രൂക്ഷം. പൊടി നിയന്ത്രിക്കാൻ ടാങ്കറുകളിൽ വെള്ളമെത്തിച്ച് താൽക്കാലിക പരിഹാരം കാണുകയാണ് നഗരസഭ. പ്രശ്നത്തിൽ ജില്ലാ ഭരണകൂടമാണ് ശാശ്വത പരിഹാരം കാണേണ്ടതെന്ന് നഗരസഭ വ്യക്തമാക്കി.
നിലം പതിച്ച പടുകൂറ്റൻ കെട്ടിടാവശിഷ്ടങ്ങളിൽ നിന്നുയരുന്ന പൊടി നിയന്ത്രിക്കുക എന്നത് ശ്രമകരമാണ്. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയ ആരംഭിച്ചിട്ടുമില്ല. ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കപ്പെട്ടതിന് ശേഷം വീടുകളിലേക്ക് തിരികെ എത്തിയ പലർക്കും പൊടിശല്യം കാരണം വീടുകളിൽ താമസം തുടരാനായില്ല. ആൽഫ സെറീൻ നിന്നിരുന്നിക്കുള്ള മതപഠന സ്ഥാപനത്തിലെ വിദ്യർഥികൾ തിരികെ എത്തിയെങ്കിലും പൊടിശല്യം രൂക്ഷമായതോടെ വീടുകളിലേക്ക് മടങ്ങി. ബാക്കിയുള്ള പ്രദേശവാസികൾ വെള്ളം തളിച്ചും ഷീറ്റിട്ട് മറച്ചും പൊടിയെ പ്രതിരോധിക്കാൻ ശ്രമിക്കുന്നു.
പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ഇന്നലെ നഗരസഭ അധ്യക്ഷയെ ഉപരോധിച്ചിരുന്നു. ടാങ്കറുകളിൽ വെള്ളമെത്തിച്ച് താൽക്കാലിക പരിഹാരം കാണുകയാണ് നഗരസഭ. പ്രശ്നത്തിൽ ജില്ലാ ഭരണകൂടം ഇടപെടണമെന്ന നിലപാടിലാണ് നഗരസഭ.