India Kerala

ഹജ്ജ്; കേരളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ തീര്‍ത്ഥാടകരെ തെരഞ്ഞെടുത്തു

കേരളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടകരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. 10834 ആണ് ഇത്തവണ കേരളത്തിന് അനുവദിച്ച ഹജ്ജ് ക്വാട്ട. 8002 പേരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

മന്ത്രി കെ.ടി. ജലീലിന്‍റെ സാന്നിധ്യത്തില്‍ കരിപ്പൂരിലെ ഹജ്ജ് ഹൗസിലായിരുന്നു നറുക്കെടുപ്പ്. 26081 അപേക്ഷകരാണ് ആകെ ഉണ്ടായിരുന്നത്. ഇതില്‍ ആദ്യമായി ഹജ്ജിന് അപേക്ഷിച്ച 70 വയസ് കഴിഞ്ഞ 1095 പേര്‍ക്കും 45 വയസ്സിന് മുകളിൽ പുരുഷന്മാർ കൂടെയില്ലാത്ത 1,737 വനിതകൾക്കും നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചു. ശേഷിക്കുന്ന 8002 പേരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

ഹജ്ജിന് അവസരം ലഭിച്ചവരുടെ വിശദാംശങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടാതെ തെരഞ്ഞെടുക്കപ്പെട്ടവരുടെ മൊബൈൽ നമ്പറിൽ സന്ദേശമയക്കും. ഹജ്ജ് ഹൌസിനോട് ചേർന്ന് നിർമ്മിച്ച വനിതാ ബ്ലോക്ക് നിർമ്മാണോൽഘാടനം മന്ത്രി കെ.ടി ജലീൽ നിർവ്വഹിച്ചു.

നറുക്കെടുപ്പിൽപ്പെടാത്തവരെ കാത്തിരിപ്പ് പട്ടികയിലുള്‍പ്പെടുത്തി. നിലവില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ പിന്മാറുകയാണെങ്കില്‍ ആ ഒഴിവിലേക്ക് ഇവരെ പരിഗണിക്കും. കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും കരിപ്പൂർ, കൊച്ചി എന്നീ രണ്ട് എമ്പാർക്കേഷൻ പോയിന്റുകളുണ്ട്.