അവസാന മിനുറ്റുകളില്‍ ബാഴ്സലോണ താരങ്ങളുടെ കുട്ടിക്കളിയാണ് ബാഴ്സലോണയെ തോല്പിച്ചതെന്ന് ലയണല്‍ മെസി. സ്പാനിഷ് സൂപ്പര്‍ കപ്പ് സെമി ഫൈനലില്‍ അത്ലറ്റികോ മാഡ്രിഡിനോട് തോറ്റശേഷമായിരുന്നു ബാഴ്സ സൂപ്പര്‍താരത്തിന്റെ പ്രതികരണം. മത്സരം തീരാന്‍ ഒമ്പത് മിനുറ്റ് മാത്രം ബാക്കി നില്കേ 2-1ന് മുന്നിലായിരുന്ന ബാഴ്സലോണ മത്സരം തീര്‍ന്നപ്പോള്‍ 2-3ന് തോറ്റതാണ് മെസിയെ പ്രകോപിപ്പിച്ചത്.
‘അവസാന മിനുറ്റുകളിലെ ഞങ്ങളുടെ കളി നാണം കെടുത്തുന്നതായിരുന്നു. കുട്ടികള്‍ പോലും വരുത്താത്ത തെറ്റുകളാണ് ഞങ്ങള്‍ വരുത്തിയത്. മികച്ച ടീമായിട്ടും ജയിക്കാന്‍ കഴിയാതിരുന്നത് ഞങ്ങള്‍ വരുത്തിയ തെറ്റുകള്‍ കാരണമായിരുന്നു’ മെസി മത്സരശേഷം ഏറ്റുപറഞ്ഞു.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം എണ്ണം പറഞ്ഞ അഞ്ച് ഗോളുകളായിരുന്നു ബാഴ്സ അത്ലറ്റിക്കോ മത്സരത്തില്‍ പിറന്നത്. രണ്ടാം പകുതി തുടങ്ങി 21 സെക്കന്റിനകം തന്നെ പകരക്കാരനായെത്തിയ കോകെ അത്ലറ്റികോ മാഡ്രിഡിനെ മുന്നിലെത്തിച്ചു. വൈകാതെ മെസിയുടേയും ഗ്രീസ്മാന്റേയും ഗോളുകള്‍ ബാഴ്സലോണയെ മുന്നിലെത്തിച്ചു.
കളി ജയിക്കുമെന്ന തോന്നലുണ്ടാക്കിയ ശേഷമായിരുന്നു ബാഴ്സ അവസാന ഒമ്പതു മിനുറ്റിലെ പ്രകടനം കൊണ്ട് തോറ്റുപോയത്. 81ആം മിനുറ്റില്‍ അല്‍വാറോ മൊറാട്ട പെനല്‍റ്റിയിലൂടെ അത്ലറ്റികോയെ ഒപ്പമെത്തിച്ചു. 86ആം മിനുറ്റില്‍ ഏഞ്ചല്‍ കൊറെയയുടെ ഗോള്‍ ബാഴ്സലോണയുടെ സ്പാനിഷ് സൂപ്പര്‍ കപ്പ് മോഹങ്ങള്‍ അവസാനിപ്പിച്ചു.
ബാഴ്സലോണയുടെ രണ്ട് ഗോളുകളാണ് വാറില്‍ കുടുങ്ങി നേരിയ വ്യത്യാസത്തില്‍ ഓഫ്സൈഡായി പോയത്. മറിച്ച് അത്ലറ്റികോക്ക് ലഭിക്കേണ്ട ഒരു പെനല്‍റ്റിയും വാര് അനുവദിച്ചില്ല. 2-2ന് സ്കോര്‍ എത്തിയപ്പോള്‍ ബോക്സില്‍ വെച്ച് പിക്വെയുടെ കയ്യില്‍ കൊണ്ടതാണ് വാര് പരിശോധനക്കു ശേഷവും അനുവദിക്കാതിരുന്നത്. സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ മാഡ്രിഡ് ഡെര്‍ബിയില്‍ അത്ലറ്റികോ മാഡ്രിഡ് റയല്‍ മാഡ്രിഡിനെയാണ് നേരിടുക.