ഐ ലീഗില്‍ ഗോകുലം കേരള എഫ്.സി ഇന്ന് ചെന്നൈ സിറ്റി എഫ്.സിയെ നേരിടും. കഴിഞ്ഞ വര്‍ഷത്തെ ഐ ലീഗ് ചാമ്പ്യന്മാരാണ് ചെന്നൈ സിറ്റി. വൈകീട്ട് ഏഴിന് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തിലാണ് മത്സരം. ഐസ്വാളിനെതിരെ നിരവധി അവസരങ്ങള്‍ കളഞ്ഞുകുളിഞ്ഞ ഗോകുലം കേരളയ്ക്ക് ഇന്നത്തെ മത്സരത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയം അനിവാര്യമാണ്.
പെനാല്‍റ്റി അടക്കം നഷ്ടപ്പെടുത്തിയെങ്കിലും ഗോകുലം ഐസ്വാളിനെതിരെ സമനില പിടിക്കാനായത് ആശ്വാസം പകരുന്നു. മധ്യനിരയില്‍ നതാനിയല്‍ ഗാര്‍ഷ്യയും മുഹമ്മദ് റാഷിദും മികച്ച ഫോമിലാണ്. മിടുക്കരായ ക്യാപ്റ്റന്‍ ജോസഫ് മാര്‍ക്കേസും, ഹെന്റി കിസിക്കെയും ലക്ഷ്യം കണ്ടാല്‍ ഗോകുലത്തിന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയിക്കാം.
ഐ ലീഗ് കഴിഞ്ഞ സീസണിലെ ജേതാക്കളാണെങ്കിലും അഞ്ച് കളിയില്‍ നിന്ന് ഒരു വിജയവും രണ്ട് തോല്‍വിയും രണ്ട് സമനിലയുമായി എട്ടാം സ്ഥാനത്താണ് നിലവില്‍ ചെന്നൈ സിറ്റി എഫ്.സി. കഴിഞ്ഞ തവണ കിരീടം നേടുന്നതില്‍ വലിയ പങ്ക് വഹിച്ച സ്ട്രൈക്കര്‍ പെട്രോ മന്‍സിയുടെ അഭാവം ചെന്നൈക്ക് തിരിച്ചടിയാണ്. കോഴിക്കോട്ടുകാരന് ഷഹീന് ലാലാണ് ചെന്നൈയുടെ ഗോളി. ഏഴ് പോയിന്റുമായി ആറാംസ്ഥാനത്താണ് ഗോകുലം കേരള എഫ് സി.