India National

നിര്‍ഭയ കേസ്; സുപ്രീംകോടതിയിൽ തിരുത്തൽ ഹരജി നൽകി പ്രതി

നിര്‍ഭയ കേസിൽ പ്രതികളിൽ ഒരാൾ ആയ വിനയ് ശർമ്മ സുപ്രീംകോടതിയിൽ തിരുത്തൽ ഹരജി നൽകി. ജനുവരി 22ന് വധശിക്ഷ നടപ്പാക്കാൻ ഇരിക്കെയാണ് തിരുത്തൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

ഡൽഹി പട്യാല ഹൗസ് കോടതിയാണ് ജനുവരി 22ന് വധശിക്ഷക്ക് ഉത്തരവിട്ടത്. മുകേഷ്, വിനയ് ശർമ്മ, പവൻ ഗുപ്ത, അക്ഷയ് സിങ് എന്നീ നാലു പ്രതികളുടെ വധ ശിക്ഷ ഈ മാസം 22ന് രാവിലെ ഏഴുമണിക്ക് നടപ്പാക്കാനാണ് പട്യാല കോടതിയുടെ ഉത്തരവ്. ഏതെങ്കിലും കോടതിക്ക് മുന്നിലും ഒരു ദയാഹർജി നിലവിലില്ല, എല്ലാ പ്രതികളുടെയും പുനപരിശോധന ഹർജി സുപ്രീംകോടതി തള്ളിയതാണ്, വധശിക്ഷ നീട്ടിക്കൊണ്ടു പോകരുത് തുടങ്ങിയ നിർഭയയുടെ മാതാവിന്‍റെ വാദങ്ങൾ അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.

മാധ്യമ വിചാരണ നടക്കുന്നതായി പ്രതി മുകേഷ് കോടതിയെ ബോധിപ്പിച്ചു. തിരുത്തൽ ഹർജിയും ദയാഹർജിയും നൽകാൻ അവകാശമുണ്ടെന്നും വാറണ്ട് പുറപ്പെടുവിക്കരുതെന്നും പ്രതികൾ ആവശ്യപ്പെട്ടു. അതിനുള്ള അവസരമുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചത്. 2012 ഡിസംബർ 16ന് രാത്രിയാണ് ഡൽഹി വസന്ത് വിഹാറിൽ ബസിൽ വച്ച് പാരാമെഡിക്കൽ വിദ്യാർഥിനി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. കേസിൽ ആറു പ്രതികളാണ് ഉണ്ടായിരുന്നത്. മുഖ്യപ്രതിയായ ഡ്രൈവർ രാംസിങ് 2013 മാർച്ചിൽ ജയിലിൽ വച്ച് ജീവനൊടുക്കി. മറ്റൊരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ ആനുകൂല്യവും ലഭിച്ചു.