സ്വതന്ത്ര ഇന്ത്യയുടെ നാൾവഴികളിൽ രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിൽ വിഭാഗീയതയും വർഗീയതയും ഒരു ഭരണ പരിഷ്കാരം പോലെ നടപ്പിലാക്കിക്കൊണ്ട് സമാധാന അന്തരീക്ഷത്തെ പാടെ തകർക്കും വിധം RSS അജണ്ടയെ ശിരസ്സിലേറ്റി BJP സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരേ ആളിക്കത്തുന്ന ജനരോഷത്തിൽ പ്രതിഷേധ ശക്തിയുടെ അഗ്നി ജ്വാല പകർന്നു കൊണ്ട് ഇക്കഴിഞ്ഞ ജനുവരി രണ്ടാം തീയതി വൈകിട്ട് 5 മണിക്ക് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിസ്സ് കേരളാ ചാപ്റ്റർ സൂറിച്ചിൽ വച്ച് പ്രതിഷേധ സംഗമം സംഘടിപ്പിക്കുകയുണ്ടായി.
ഓവർസീസ് കോൺഗ്രസ് സ്വിസ്സ് കേരളാ ചാപ്റ്റർ പ്രസിഡന്റ് ശ്രീ ജോയ് കൊച്ചാട്ട് തന്റെ സ്വാഗത പ്രസംഗത്തിലുടനീളം കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെ നിശിതമായ് വിമർശിച്ചതോടൊപ്പം, സാമൂഹ്യനീതിക്ക് മേലുള്ള കടന്ന് കയറ്റത്തെ ശക്തിയുക്തം അപലപിച്ചു.രാജ്യം നേരിടുന്ന ഈ മഹാവിപത്തിനെതിരേ ഭരണഘടനാ മൂല്യങ്ങളെ മുറുകെ പിടിച്ച് കൊണ്ട് ഗാന്ധിയൻ മാർഗ്ഗങ്ങളിലൂടെ പ്രതിഷേധത്തിന്റെ ഏതറ്റം വരെയും കടന്നു ചെല്ലുവാൻ നാം ബാധ്യസ്ഥരാണ് എന്ന ആഹ്വാനത്തോടെയായിരുന്നു അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
പ്രതിഷേധ യോഗത്തിലെ അദ്ധ്യക്ഷനായിരുന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിസ് കേരളാ ചാപ്റ്റർ ചെയർമാൻ ശ്രീ ടോമി തൊണ്ടാംകുഴി തന്റെ പ്രഭാഷണത്തിലൂടെ പൗരത്വ ഭേദഗതി ബില്ലിന്റെ നാരിഴ കീറി പരിശോധിച്ചു കൊണ്ട് അതിന്റെ എല്ലാ ദൂഷ്യവശങ്ങളെയും യോഗത്തിൽ അവതരിപ്പിച്ചു. ഭരണഘടന വിഭാവനം ചെയ്യുന്ന മത നിരപേക്ഷത എന്ന മഹാ മൂല്യത്തെ രാഷ്ട്രീയ അജണ്ടയിൽ നിക്ഷിപ്തമായ ഒരു ബില്ലിലൂടെ നടപ്പിലാക്കിയ ഭേദഗതി വരാനിരിക്കുന്ന വൻ വിപത്തുകളുടെ തുടക്കമാണെന്ന് ഉദാഹര സഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി.പൗരത്വ ഭേദഗതി ബില്ലിന്റെ ചുവട് പിടിച്ച് വിദേശ ഇന്ത്യാക്കാരുടെ മേൽ അടിച്ചേൽപിക്കാൻ ഇടയുള്ള ചില നിയമങ്ങളെപ്പറ്റി പരാമർശിച്ച അദ്ദേഹം ഒരു പൗരനെന്ന നിലയിൽ ഈ ബില്ലിൻമേലുള്ള ആശങ്ക പ്രകടിപ്പിക്കുകയും രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്തു.
മതത്തിന്റെ പേരിൽ മനുഷ്യനെ ഭിന്നിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് അതീവ ഗൗരവത്തോട് കൂടിയേ കാണാൻ കഴിയുകയുള്ളൂ എന്ന് പറഞ്ഞ INOC ട്രഷറർ ശ്രീ പ്രിൻസ് പ്രിൻസ് കാട്രുകുടിയിൽ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാർക്കു നേരേയുള്ള പോലീസ് നടപടികൾ ഒരിക്കലും ന്യായീകരിക്കാനാവാത്ത ഒന്നാണെന്നും കൂട്ടിച്ചേർത്തു.
മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണ്ണയിക്കപ്പെടുമ്പോൾ മത രാഷ്ട്ര സമീപനമാണ് അതിൽ ഉൾക്കൊള്ളുകയെന്നും, ഭരണഘടന മുന്നോട്ട് വക്കുന്ന മത നിരപേക്ഷ കാഴ്ചപ്പാടിന് വിരുദ്ധമായതിനാൽ ഈ നിയമം ഭരണഘടനയുടെ അന്തസത്തയുമായി ഒരിക്കലും പൊരുത്തപ്പെടില്ലെന്നും പ്രമേയം അവതരിപ്പിച്ചു കൊണ്ട് INOC മീഡിയാ കോർഡിനേറ്റർ ശ്രീ ജൂബിൻ ജോസഫ് പറഞ്ഞു.
പ്രമേയത്തിൻമേൽ വിശദമായ ചർച്ച നടത്തുകയും ബഹുമാന്യരായ സദസ്യരിൽ പലരും ഈ ബില്ലിൻ മേൽ തങ്ങൾക്കുള്ള അഭിപ്രായങ്ങളും ആശങ്കകളും പങ്കുവക്കുകയും ചെയ്തു.കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരേ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് സ്വിസ്സ് കേരളാ ചാപ്റ്റർ അവതരിപ്പിച്ച പ്രമേയം യോഗത്തിന്റെ പൂർണ്ണ പിൻതുണയോടെ ഐക്യകണ്ഡേന പാസ്സാക്കിയതായ് ബഹുമാനപ്പെട്ട പ്രസിഡന്റ് പ്രഖ്യാപിച്ചു.
ഏതെങ്കിലും മത വിഭാഗങ്ങൾ ക്ക്നിയന്ത്രണവും മറ്റേതെങ്കിലും വിഭാഗങ്ങൾക്ക് പൗരത്വത്തിന് കൂടുതൽ പരിഗണനയും നൽകുന്നിടത്ത് രാജ്യത്തിന്റെ മതേതര ഭാവം പാടെ നഷ്ടപെടുന്നുവെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിസ് കേരളാ ചാപ്റ്റർ സെക്രെട്ടറി ശ്രീ ടോമി വിരുത്തിയേൽ തന്റെ നന്ദി പ്രസംഗത്തിൽ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തെപ്പോലും ഹനിക്കുന്ന രീതിയിൽ രാജ്യം ഫാസിസ്റ്റുകളുടെ പിടിയിൽ അമർന്നതിലുള്ള രോക്ഷം പ്രകടിപ്പിച്ച അദ്ദേഹം INOC സംഘടിപ്പിച്ചു പ്രതിഷേധ സംഗമത്തിൽ പങ്കെടുത്ത എല്ലാ ജനാധിപത്യ വിശ്വാസികളോടും തന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ഒറ്റ് കൊടുത്തും മാപ്പെഴുതിയും ബ്രിട്ടീഷ്ക്കാരന്റെ ഓരം ചേർന്ന് നിന്നവരല്ല മറിച്ച് അഹിംസയുടെ മണിനാദം മുഴക്കി സ്വാതന്ത്ര്യത്തിന്റെ പുത്തൻ ചരിത്രം രചിച്ച മഹാത്മജിയുടെ തുടിക്കുന്ന സ്മരണകൾ നെഞ്ചിലേറ്റുന്ന മതേതര ഭാരതത്തിന്റെ വക്താക്കളാണ് തങ്ങളെന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട് പൗരത്വ ഭേദഗതി ബില്ലിനെതിരേയുള്ള തുടർ പ്രതിഷേധ പരിപാടികൾക്കുള്ള തീരുമാനത്തോടെ യോഗം അവസാനിച്ചു.