പഞ്ചാബും ഡല്‍ഹിയും തമ്മിലുള്ള രഞ്ജി മത്സരത്തിനിടെ ശുഭ്മാന്‍ ഗില്ലിന്റെ പെരുമാറ്റം വിവാദമായി. ഔട്ട് വിളിച്ച അമ്പയറുടെ തീരുമാനം അംഗീകരിക്കാതെ ഗില്‍ അമ്പയര്‍ക്കു നേരെ തിരിയുകയായിരുന്നു. സമ്മര്‍ദത്തിലായതോടെ ആദ്യ രഞ്ജി മത്സരം നിയന്ത്രിക്കുന്ന അമ്പയര്‍ തീരുമാനം പിന്‍വലിച്ചു. ഇതില്‍ പ്രതിഷേധിച്ച് ഡല്‍ഹി ടീം ഒന്നാകെ കളിയില്‍ നിന്നും പിന്‍വാങ്ങിയത്് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കി.
ഡല്‍ഹിയിലെ ഐ.എസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി മത്സരത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മത്സരം റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരാണ് നാടകീയ സംഭവങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. കീപ്പര്‍ക്ക് ക്യാച്ച് നല്‍കി ഗില്‍ പുറത്തായെന്നായിരുന്നു അമ്പയര്‍ പശ്ചിം പതക് വിധിച്ചത്. എന്നാല്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തെ അംഗീകരിക്കാന്‍ തയ്യാറാവാതിരുന്ന ശുഭ്മാന്‍ ഗില്‍ ക്രീസ് വിട്ടുപോകാന്‍ തയ്യാറായില്ല.
രഞ്ജി ട്രോഫിയിലെ ആദ്യ മത്സരം നിയന്ത്രിക്കുന്ന പശ്ചിംപതക് സമ്മര്‍ദത്തിലാവുകയും തീരുമാനം പിന്‍വലിക്കുകയും ചെയ്തു. ഇതോടെ ഡല്‍ഹി ടീം ഒന്നാകെ മൈതാനത്തു നിന്നും പ്രതിഷേധവുമായ പിന്‍വാങ്ങി. പിന്നീട് മാച്ച് റഫറി ഇടപെട്ടാണ് കളി പുനരാരംഭിച്ചത്. ഇതിനിടെ ഡല്‍ഹി വൈസ് ക്യാപ്റ്റന്‍ നിതീഷ് റാണ അമ്പയറെ ഗില്‍ അധിക്ഷേപിച്ചെന്ന് വ്യക്തമാക്കുകയും ചെയ്തു.
ഇക്കണ്ട ബഹളങ്ങള്‍ക്കൊടുവില്‍ ബാറ്റിംങ് പുനരാരംഭിച്ച ഗില്‍ വൈകാതെ പുറത്താവുകയും ചെയ്തു. 41 പന്തുകളില്‍ നിന്നും 23 റണ്‍ നേടിയ ഗില്ലിനെ കീപ്പര്‍ തന്നെയാണ് പിടിച്ചു പുറത്താക്കിയത്. കഴിഞ്ഞ മൂന്ന് കളികളില്‍ നിന്നും ഗില്‍ സെഞ്ചുറി അടക്കം 150 റണ്‍സ് നേടിയിരുന്നു.
അമ്പയര്‍മാരേക്കാള്‍ കളിക്കാര്‍ കളി നിയന്ത്രിക്കുന്ന കാഴ്ച്ച രഞ്ജി ട്രോഫിയുടെ ഇതേ സീസണില്‍ തന്നെ നേരത്തെയും കാണേണ്ടി വന്നിരുന്നു.
എലൈറ്റ് എ,ബി ഗ്രൂപ്പുകളില്‍ 17 പോയിന്റുമായി പഞ്ചാബാണ് മുന്നിട്ടു നില്‍ക്കുന്നത്. മൂന്ന് കളികളില്‍ രണ്ടെണ്ണം അവര്‍ ജയിച്ചിരുന്നു. ഒരു ജയവും ഒരു പരാജയവും അടക്കം ഏഴ് പോയിന്റുമായി 11ആമതാണ് ഡല്‍ഹി.