India Kerala

അധിക ബാധ്യതയെ തുടർന്ന് സ്വകാര്യ ബസുകൾ സർവ്വീസ് ഒഴിവാക്കുന്നു

ഡീസൽ വിലവർധനവുൾപ്പടെയുള്ള അധിക ബാധ്യതയെ തുടർന്ന് സ്വകാര്യ ബസുകൾ സർവ്വീസ് ഒഴിവാക്കുന്നു. പെർമിറ്റ് സറണ്ടർ ചെയ്താണ് ബസ്സുടമകൾ സർവീസ് വ്യാപകമായി നിർത്തലാക്കുന്നത്. ബസ് വ്യവസായ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നിയോഗിച്ച രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നും ബസ്സുടമകൾ ആവശ്യപ്പെടുന്നു.

വിലവർധനക്ക് പുറമേ ഡീസലിന് ഗുണനിലവാരം കുറഞ്ഞതും 10 മുതൽ 15 ശതമാനം വരെ അധിക ബാധ്യതയാകുന്നതായി ബസുടമകൾ പറയുന്നു. ഇൻഷുറൻസ്, ടയർ തേയ്മാനം, സ്പെയർ പാർട്സ് എന്നിവയിലുണ്ടായ വർദ്ധനവും ബസ് വ്യവസായത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയതായും ഉടമകൾ വ്യക്തമാക്കുന്നു. പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ പെർമിറ്റ് സറണ്ടർ ചെയ്ത് സർവ്വീസ് ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ് ഉടമകൾ.

ഇതനുസരിച്ച് സ്വകാര്യ ബസുകളുടെ എണ്ണം ഓരോ വർഷവും ഗണ്യമായി കുറയുകയാണ്. സ്വകാര്യ ബസ് വ്യവസായ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി സർക്കാർ ബസ്സുടമകളുമായി ചർച്ച നടത്തിയിരുന്നു. ഇതേത്തുടർന്ന് നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ മുന്നോട്ട് വെച്ച നിർദേശങ്ങൾ പക്ഷേ നടപ്പിലാക്കിയിട്ടില്ല. ചാർജ് വർധന, വിദ്യാർഥികളുടെ കൺസഷൻ പരിഷ്ക്കരണം, ജിഎസ്ടി ഇളവ് തുടങ്ങിയവയാണ് പരിഹാരമായി ബസുടമകൾ ആവിശ്യപ്പെടുന്നത്.