കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന മുംബൈയിലെ പി.എം.എൽ.എ കോടതി, വിജയ് മല്യയുടെ സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്കി. മല്യക്ക് വായ്പ നല്കിയ എസ്.ബി.ഐ അടക്കമുള്ള ബാങ്കുകള്‍ക്കാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. മല്യയുടെ പിടിച്ചെടുത്ത സ്വത്തുക്കള്‍ ലേലം ചെയ്യുന്നതില്‍ തടസമില്ലെന്ന് കോടതി വ്യക്തമാക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്.
വിധി ജനുവരി 18 വരെ സ്റ്റേ ചെയ്തിട്ടുണ്ടെന്നും ഈ സമയത്തിനുള്ളില്‍ മല്യക്ക് ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകാമെന്നും കോടതി അറിയിച്ചു. പിടിച്ചെടുത്ത ആസ്തികളിൽ പ്രധാനമായും ഓഹരി പോലുള്ള സാമ്പത്തിക സെക്യൂരിറ്റികളാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) യുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യം കണ്ടുകെട്ടിയ സ്വത്തുക്കൾ ലേലം ചെയ്യുന്നതിൽ എതിർപ്പില്ലെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രത്യേക പി.എം.എൽ.എ കോടതിയെ അറിയിച്ചിരുന്നു.
2013 മുതൽ പ്രതിവർഷം 11.5 ശതമാനം പലിശ സഹിതം 6,203.35 കോടി രൂപ തിരിച്ചുപിടിക്കാനായി ആസ്തികൾ ലേലം ചെയ്യാനാണ് ബാങ്കുകളുടെ നീക്കം. കഴിഞ്ഞ വർഷം ജനുവരി അഞ്ചിന് പ്രത്യേക പി.എം.എൽ.എ കോടതി മല്യയെ ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കുകയും സ്വത്തുക്കൾ കണ്ടുകെട്ടാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. 2016 മാർച്ചിൽ രാജ്യംവിട്ട മല്യ ബ്രിട്ടനിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്.