പുതുവത്സരദിനത്തില്‍ തന്നെ രാജ്യത്തെ സാധാരണക്കാരുടെ മേല്‍ ഇടിത്തീയായി എത്തിയ എല്‍.പി.ജി, റെയില്‍വെ ടിക്കറ്റ് നിരക്ക് വര്‍ധനയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
”മോദി സർക്കാർ പുതുവർഷം ആരംഭിക്കുന്നു. റെയിൽവെ യാത്രാ ടിക്കറ്റ് നിരക്ക് വർധനവിന് ശേഷം ജനങ്ങള്‍ക്ക് നേരെയുള്ള മറ്റൊരു ആക്രമണം കൂടി ഉണ്ടായിരിക്കുന്നു. രൂക്ഷമായ തൊഴിലില്ലായ്മ, ഭക്ഷ്യവിലക്കയറ്റം, ഗ്രാമീണ മേഖലയിലെ വേതന വ്യവസ്ഥയിലുണ്ടായ റെക്കോർഡ് ഇടിവ് എന്നിവയുടെ പശ്ചാത്തലത്തിലാണ് ഇതെല്ലാം.” യെച്ചൂരി ട്വീറ്റ് ചെയ്തു. മറ്റൊരു ട്വീറ്റിൽ, മോദി സർക്കാരിൽ നിന്നുള്ള പുതുവത്സര സമ്മാനം എന്നാണ് റെയിൽ നിരക്ക് വർധനയെ യെച്ചൂരി വിശേഷിപ്പിച്ചത്.
ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിനും വാണിജ്യാടിസ്ഥാനത്തിലുള്ള സിലിണ്ടറിനും വില കൂടിയിട്ടുണ്ട്. സബ്സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറിന് 19 രൂപ 50 പൈസയാണ് വര്‍ധിച്ചത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് ഇനി മുതല്‍ 28 രൂപ അധികം നല്‍കണം. ഇതേസമയം, അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് ഒരുപൈസ മുതല്‍ നാലു പൈസ വരെയാണ് റെയില്‍വെ യാത്രാ നിരക്കുകളുണ്ടായ വര്‍ധന. മെയില്‍/എക്സ്പ്രസ് തീവണ്ടികളില്‍ നോണ്‍ എസി വിഭാഗത്തില്‍ അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് രണ്ടു പൈസയുടെ വര്‍ധനയാണ് വരുന്നത്. സെക്കന്‍ഡ് ക്ലാസ്, സ്ലീപ്പര്‍ ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിവയുടെ നിരക്കില്‍ കിലോമീറ്ററിന് രണ്ടുപൈസ വര്‍ധന വരും. എസി നിരക്കുകളില്‍ നാലു പൈസയുടെ വര്‍ധനയാണ് വരുന്നത്. ചെയര്‍കാര്‍, ത്രീടയര്‍ എ.സി, എ.സി ടൂ ടയര്‍, ഫസ്റ്റ് ക്ലാസ് എന്നിവയില്‍ കിലോമീറ്ററിന് നാലുപൈസ വീതം വര്‍ധിക്കും.