ക്രിക്കറ്റ് കമന്റേറ്ററായതിന് ശേഷമുള്ള ഏറ്റവും മോശമായിരുന്നു 2019 എന്ന് ഏറ്റുപറഞ്ഞ് സഞ്ജയ് മഞ്ജരേക്കര്‍. ലോകകപ്പിനിടെ ഇന്ത്യന്‍ ഓള് റൗണ്ടര്‍ ജഡേജക്കെതിരായ പ്രയോഗങ്ങളും സഹ കമന്റേറ്റര്‍ ഹര്‍ഷ് ബോഗ്ലെയെ അപമാനിക്കും വിധം തല്സമയപരിപാടിക്കിടെ സംസാരിച്ചതുമാണ് മഞ്ജരേക്കര്‍ എടുത്തു പറഞ്ഞിരിക്കുന്നത്. പ്രൊഫഷണലിസത്തിന് വലിയ വില കല്പിക്കുന്ന താന്‍ നിയന്ത്രണം വിട്ട് പെരുമാറിയ രണ്ട് സാഹചര്യങ്ങളായിരുന്നു ഇവയെന്നും മഞ്ജരേക്കര്‍ പറഞ്ഞു.
ലോകകപ്പിനിടെയായിരുന്നു മഞ്ജരേക്കറുടെ പരാമര്‍ശങ്ങള്‍ ജഡേജയെ പ്രകോപിപ്പിച്ചതും അദ്ദേഹം ട്വിറ്ററിലൂടെ പരസ്യമായി പ്രതികരിച്ചതും. ജഡേജയെപ്പോലെ ടീമിലേക്ക് വന്നും പോയും ഇരിക്കുന്ന കളിക്കാരുടെ ആരാധകനല്ല താനെന്നായിരുന്നു മുന്‍ താരമായ സഞ്ജയ് മഞജരേക്കറുടെ കമന്റ്. ടെസ്റ്റില്‍ ജഡേജ മികച്ചൊരു ബൗളറാണ്, എന്നാല്‍ ഏകദിന ടീമില്‍ ജഡേജയ്ക്ക് പകരം താനൊരു ബാറ്റ്സ്മാനെയോ സ്പിന്നറെയോയാണ് പരിഗണിക്കുകയെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനോട് ഒട്ടും മയത്തിലായിരുന്നില്ല രവീന്ദ്ര ജഡേജ പ്രതികരിച്ചത്. നിങ്ങളേക്കാള്‍ ഇരട്ടിയോളം മത്സരങ്ങളില്‍ ഞാന്‍ കളിച്ചിട്ടുണ്ട്, ഇപ്പോഴും കളിക്കുന്നു. നേട്ടങ്ങള്‍ കൈവരിച്ചവരെ ബഹുമാനിക്കാന്‍ ആദ്യം പഠിക്കൂ. വാക്കുകള്‍ കൊണ്ടുള്ള വയറിളക്കം ഇനിയും സഹിക്കാനാവില്ല- എന്നായിരുന്നു ജഡേജയുടെ പ്രതികരണം. ആരാധകരും ജഡേജക്കൊപ്പം നിന്നതോടെ മഞ്ജരേക്കര്‍ നിശബ്ദനായി.
സഹ കമന്റേറ്റര്‍ ഹര്‍ഷ് ബോഗ്ലെയുമായുള്ളതായിരുന്നു രണ്ടാമത്തെ സംഭവം. ഇന്ത്യ ബംഗ്ലാദേശ് പിങ്ക് ബോള്‍ ടെസ്റ്റിനിടെയായിരുന്നു മഞ്ജരേക്കറുടെ മോശം പെരുമാറ്റം. പിങ്ക് ബോള്‍ എത്രത്തോളം കളിക്കാര്‍ക്ക് കാണാനാകുന്നുണ്ട് എന്നതില്‍ കൂടുതല്‍ വിശകലനം വേണമെന്നായിരുന്നു ബോഗ്ലെ അഭിപ്രായപ്പെട്ടത്. പന്ത് കാണുമോ ഇല്ലയോ എന്നതൊന്നും വലിയ വിഷയമല്ലെന്ന രീതിയിലായിരുന്നു മഞ്ജരേക്കറുടെ പ്രതികരണം.
ഇക്കാര്യം കളിക്കാരോട് നേരിട്ട് ചോദിച്ച് മനസിലാക്കുകയാണ് വേണ്ടതെന്ന് ബോഗ്ലെ പറഞ്ഞതോടെ മഞ്ജരേക്കര്‍ ഉണര്‍ന്നു. ക്രിക്കറ്റ് കളിച്ച് പരിചയമുള്ളവര്‍ക്ക് പന്ത് കാണുമോ എന്നറിയാന്‍ കളിക്കാരോട് ചോദിച്ചു നോക്കേണ്ടതില്ലെന്നും താങ്കള്‍ക്ക് വേണമെങ്കില്‍ അതിന്റെ ആവശ്യം വേണ്ടിവരുമെന്നുമായിരുന്നു മഞ്ജരേക്കറുടെ പ്രതികരണം. പുതിയൊരു കാര്യം ചോദിച്ച് മനസിലാക്കേണ്ടെന്ന് തീരുമാനിക്കാന്‍ കിക്കറ്റ് കളിച്ചു എന്ന ഒറ്റ കാരണംപോരെന്ന് ബോഗ്ലെയും പറഞ്ഞു.
ആ തല്‍സമയ കമന്ററിയിലെ തര്‍ക്കത്തിന് ശേഷം തെറ്റുമനസിലാക്കിയപ്പോള് ആദ്യം ഷോയുടെ നിര്‍മ്മാതാവിനോട് മാപ്പു പറഞ്ഞെന്നാണ് മഞ്ജരേക്കറുടെ വെളിപ്പെടുത്തല്‍. മഞ്ജരേക്കറുടെ കൈവിട്ട കമന്ററിക്കെതിരെ നിരവധിപേര്‍ സോഷ്യല്‍മീഡിയയില്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. കമന്ററിയില്‍ ബോഗ്ലെ മഞ്ജരേക്കറേക്കാള് ബഹുദൂരം മുന്നിലാണെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. മഞ്ജരേക്കര്‍ ഈ പണി നിര്‍ത്തേണ്ട സമയമായെന്നും പലരും കുറിച്ചു.