ആറ് തവണ ലോക ചാമ്പ്യനും ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവുമായ മേരി കോം ബോക്സിംങ് റിംങിലെ അനുഭവസമ്പത്ത് പുറത്തെടുത്തപ്പോള്‍ നിഖാത്ത് സരീന് തോല്‍വി. ലോക യൂത്ത് ചാമ്പ്യന്‍ നിഖാത്ത് സരീനെ 9-1ന് തോല്പിച്ചാണ് 51 കിലോഗ്രാം വിഭാഗത്തില്‍ മേരികോം ടോക്യോ ഒളിംപിക്സ് യോഗ്യതക്ക് മത്സരിക്കാന്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനായി തെരഞ്ഞെടുക്കപ്പെട്ടത്.
സെലക്ഷന് ട്രയല്‍സിലെ ആദ്യ മത്സരത്തില്‍ മേരി കോം റിതു ഗ്രേവാളിനേയും സരീന് ജ്യോതി ഗുലിയയേയും തോല്പിച്ചതോടെയാണ് ഇരുവരും തമ്മില്‍ മത്സരത്തിന് അരങ്ങൊരുങ്ങിയത്. ഇന്ത്യന്‍ വനിതാ ബോക്സിംങിലെ താരമായ മേരി കോമിനെ പരസ്യമായി വെല്ലുവിളിച്ചാണ് ലോക യൂത്ത് ചാമ്പ്യന്‍ സരിന് ശ്രദ്ധനേടുന്നത്. ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്താതിരുന്നിട്ടും മേരിയെ സെലക്ഷന് ട്രയല്‍സ് കൂടാതെ ഒളിംപിക് യോഗ്യതാ മത്സരത്തിന് അയക്കാനുള്ള തീരുമാനത്തിനെതിരെ 23കാരിയായ സരീന് രംഗത്ത് വന്നിരുന്നു.
ആരാണ് സരീന് എന്നായിരുന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ മേരി കോമിന്റെ പ്രതികരണം. ബോക്സിംങ് റിംങില്‍ ഏറ്റുമുട്ടിയപ്പോള്‍ 36കാരിയായ മേരികോമിന്റെ അനുഭവ സമ്പത്തിന് മുന്നില്‍ പിടിച്ചു നില്ക്കാന് സരീന് കഴിഞ്ഞില്ല. ചൈനയിലെ വുഹാനില്‍ ഫെബ്രുവരി 3 മുതല്‍ 14 വരെ നടക്കുന്ന ടോക്യോ ഒളിംപിക്സിനുള്ള ട്രയല്‍സില്‍ 51 കിലോ വിഭാഗത്തില്‍ മേരി കോമായിരിക്കും ഇന്ത്യയെ പ്രതിനിധീകരിക്കുക.
57 കിലോഗ്രാം വിഭാഗത്തില്‍ ലോക വെള്ളിമെഡല്‍ ജേതാവ് സോണിയ ലാത്തറിന് അട്ടിമറിച്ചാണ് സാക്ഷി ചൗധരി യോഗ്യത നേടിയത്. 60 കിലോഗ്രാമിലും അട്ടിമറിയുണ്ടായി. മുന്‍ ലോക ചാമ്പ്യന്‍ എല്‍ സരിതാ ദേവിയെ ദേശീയ ചാമ്പ്യന്‍ സിമ്രന്‍ജിത്ത് കൗര്‍ തോല്പിച്ചു. കൗറിന്റെ വേഗതക്കും റിഫഌക്സിനും മുന്നില്‍ മറുപടിയില്ലാതെയാണ് സരിതാ ദേവി പരാജയപ്പെട്ടത്.