India Kerala

കൂടത്തായി കൊലപാതകങ്ങള്‍; ആദ്യ കുറ്റപത്രം തയ്യാറായി

കൂടത്തായി കൊലപാതക പരമ്ബരയിലെ ആദ്യ കുറ്റപത്രം തയ്യാറായി. റോയ് തോമസ് വധക്കേസിലെ കുറ്റപത്രമാണ് തയ്യാറായിരിക്കുന്നത്. ജോളി ഉള്‍പ്പെടെ നാലുപേരാണ് ഇതില്‍ പ്രതികളായിട്ടുള്ളത്. കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ജി. സൈമണ്‍ പറഞ്ഞു.

ഭര്‍ത്താവ് റോയ് തോമസിനെ ജോളി സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയെന്ന കേസിലാണ് കുറ്റപത്രം. ജോളിയെ കൂടാതെ സയനൈഡ് എത്തിച്ച്‌ കൊടുത്ത മാത്യൂ, താമരശ്ശേരിയിലെ സ്വര്‍ണ്ണപ്പണിക്കാരന്‍ പ്രജികുമാര്‍, സിപിഎം പ്രാദേശിക നേതാവ് മനോജ് കുമാര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. കേസില്‍ 200 ലധികം സാക്ഷികളുടെ മൊഴിയെടുത്ത ശേഷമായിരുന്നു അറസ്റ്റ്. കൊലപാതകത്തില്‍ മാത്യുവിനും പ്രജികുമാറിനും വ്യക്തമായ പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. വ്യാജരേഖ ചമച്ചതാണ് മനോജ്കുമാറിനെതിരായ കുറ്റം.

മറ്റ് അഞ്ചു കേസുകളിലും കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം. 14 വര്‍ഷത്തിനിടയില്‍ ഒരു കുടുംബത്തിലെ ആറു പേരെയാണ് ജോളി കൊലപ്പെടുത്തിയത്. ഭര്‍ത്താവ് റോയിയുടെ മാതാപിതാക്കളായ അന്നമ്മ തോമസ്, ടോം തോമസ്, അമ്മാവന്‍ മാത്യു, ടോം തോമസിന്റെ സഹോദരന്‍ ടോം ജോസിന്റെ കൊച്ചുമകള്‍ ആല്‍ഫിന, മകന്‍ ഷാജുവിന്റെ ഭാര്യ സിലി എന്നിവരെയാണ് ജോളി കൊലപ്പെടുത്തിയത്.