പന്തീരാങ്കാവ് യു.എ.പി.എ കേസിൽ എൻ.ഐ.ഐ അന്വേഷണം ആരംഭിച്ചു. കോഴിക്കോട് സെഷൻസ് കോടതിയിലുള്ള കേസിലെ രേഖകൾ കൈമാറണമെന്നാവശ്യപ്പെട്ട് എൻ.ഐ.ഐ അപേക്ഷ നൽകി.
നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും കണ്ടെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നവംബർ ഒന്നിന് രണ്ട് യുവാക്കളെ കോഴിക്കോട് പന്തിരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാക്കൾക്കെതിരെ യു.എ.പി.എ വകുപ്പുകൾ ചുമത്തിയതോടെ ഹൈക്കോടതിയടക്കം ജാമ്യം നിഷേധിച്ചു.സംസ്ഥാനത്തെ യു.എ.പി.എ കേസുകൾ റിപ്പോർട്ട് ചെയ്യണമെന്ന ചട്ടമനുസരിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് യുവാക്കളുടെ കേസും റിപ്പോർട്ട് ചെയ്തു. തുടർന്നാണ് കേന്ദ്ര സർക്കാർ എൻ.ഐ.എയോട് കേസേറ്റെടുക്കാൻ ശിപാർശ ചെയ്തത്. ഇതനുസരിച്ചാണ് എൻ.ഐ.ഐ എഫ്.ഐ.ആര് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചത്.
കോഴിക്കോട് സെഷൻസ് കോടതിയിലെ കേസിന്റെ രേഖകൾ കൊച്ചി എൻ.ഐ.ഐ കോടതിക്ക് കൈമാറണമെന്നാവശ്യപ്പെട്ട് എൻ.ഐ.ഐ അപേക്ഷ നൽകി. ഇതോടൊപ്പം കേസിലെ രേഖകൾ വിളിച്ച് വരുത്തണമെന്നാവശ്യപ്പെട്ട് കൊച്ചി എൻ.ഐ.ഐ കോടതിയിലും അപേക്ഷ നൽകിയിട്ടുണ്ട്. രേഖകൾ കൈമാറാൻ സംസ്ഥാന പൊലീസിനോടും എൻ.ഐ.ഐ ആവശ്യപ്പെട്ടു. യുവാക്കളുടെ റിമാന്റ് നീട്ടൽ നടപടി യുൾപ്പടെ ഇനി കൊച്ചി എൻ.ഐ.ഐ കോടതിയിലാകും നടക്കുക.