ഝാർഖണ്ഡില്‍ പുതിയ സര്‍ക്കാറുണ്ടാക്കാന്‍ ജെ.എം.എം നേതാവ് ഹേമന്ത് സോറനെ ഗവര്‍ണര്‍ ദ്രൌപദി മുര്‍മു ക്ഷണിച്ചു. 50 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി ഹേമന്ത് സോറന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. അതേസമയം ഒരു ദിവസം കാത്തു നിന്നതിനു ശേഷമാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അനുമതി നല്‍കിയത്.
ഈ ഞായറാഴ്ചയാണ് ഹേമന്ത് സോറന് ഝാർഖണ്ഡിന്റെ മുഖ്യമന്ത്രിയായി വീണ്ടുമൊരിക്കല്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. നേരത്തെ 27ന് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിനെ കുറിച്ച് ജെ.എം.എം ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഗവര്‍ണറുടെ ഓഫീസില്‍ നിന്നും ക്ഷണക്കത്ത് അയക്കാന്‍ വൈകിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. മഹാസഖ്യത്തിന് സ്വന്തം നിലയില്‍ ലഭിച്ച പിന്തുണക്ക് പുറമെ ബാബുലാല്‍ മറാണ്ടിയുടെ ഝാർഖണ്ഡ് വികാസ് മോര്‍ച്ച പ്രഗതിശീല് വിഭാഗത്തിന്റെ പിന്തുണ കൂടി ലഭിച്ചതോടെയാണ് സോറന് 50 അംഗങ്ങളുടെ പിന്തുണ നേടാനായത്. സംസ്ഥാനത്തെ ബി.ജെ.പിയുടെ ആദ്യകാല നേതാക്കളില്‍ ഒരാളും മുഖ്യമന്ത്രിയുമായിരുന്നു ബാബുലാല്‍ മറാണ്ടി. റാഞ്ചിയിലെ വസതിയില്‍ മറാണ്ടിയെ കണ്ട് ഹേമന്ത് പിന്തുണ തോടുകയായിരുന്നു. പിന്നീട് ദല്‍ഹിയിലെത്തിയ ഹേമന്ത് സോറന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ റാഞ്ചിയിലെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചു. സംസ്ഥാനത്തെ ഏതെങ്കിലുമൊരു വ്യക്തിയെ ബാധിക്കുന്നുണ്ടെങ്കില്‍ പോലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് വാര്‍ത്താ ലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെ സോറന് വ്യക്തമാക്കി.
ദല്‍ഹിയില്‍ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചുവെങ്കിലും ജെ.എം.എം കൃത്യമായി മതേതര ചേരിയില്‍ ഉറച്ചു നില്‍ക്കുന്നതിന്റെ സൂചനയായാണ് ഹേമന്തിന്റെ സി.എ.എ വിഷയത്തിലുള്ള പ്രസ്താവന വിലയിരുത്തപ്പെടുന്നത്. ഹേമന്ത് മല്‍സരിച്ച ദുംക മണ്ഡലത്തിലായിരുന്നു പ്രതിഷേധക്കാരെ വസ്ത്രം കൊണ്ടു തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ വിവാദമായ പരാമര്‍ശം നടന്നത്.