India National

ജാര്‍ഖണ്ഡില്‍ വോട്ടെണ്ണല്‍ തുടങ്ങി; മഹാസഖ്യത്തിന് മുന്‍തൂക്കം

നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ വോട്ടെണ്ണല്‍ തുടങ്ങി. 81 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകളില്‍ ജെ.എം.എം- കോണ്‍ഗ്രസ് -ആര്‍.ജെ.ഡി സഖ്യത്തിന് നേരിയ മുന്‍തൂക്കം.

ആദ്യ മണിക്കൂറിലെ ഫലസൂചനകള്‍ വിരല്‍ചൂണ്ടുന്നത് എക്സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ഥ്യമാകുമെന്നതിലേക്കാണ്. കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന സൂചനകള്‍ ലഭിച്ചതോടെ പ്ലാന്‍ ബി എന്ന നിലയ്ക്ക് എ.ജെ.എസ്.യു, ജെ.വി.എം തുടങ്ങിവരുമായി ബി.ജെ.പി ചര്‍ച്ച തുടങ്ങി വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതേസമയം, പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം ലീഡ് ചെയ്യുന്നുണ്ട്. ഇതിനിടെ ബി.ജെ.പിയുടെ വിജയം ഉറപ്പാണെന്ന് എം.പി സഞ്ജയ് സേത്ത് അവകാശപ്പെട്ടു.

ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരായ രൂപപ്പെട്ട വികാരവും സഖ്യകക്ഷികള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വിട്ടുപോയതും ബി.ജെ.പിക്ക് തിരിച്ചടിയായിട്ടുണ്ട്. ജെ.എം.എം- കോണ്‍ഗ്രസ് -ആര്‍.ജെ.ഡി സഖ്യം സര്‍ക്കാര്‍ രൂപികരിക്കുമെന്നും തൂക്ക് മന്ത്രിസഭയാകുമെന്നുമുള്ള എക്സിറ്റ് പോള്‍ ഫലങ്ങളും പുറത്ത് വന്നിരുന്നു.

നവംബര്‍ 30 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടന്നത്. 41 എം.എല്‍.എമാരാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. തൂക്ക് മന്ത്രിസഭയാകുമെങ്കില്‍ പ്രാദേശിക പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും. ബി.ജെ.പി ഇതിനോടകം പല പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി കഴിഞ്ഞു.