India Kerala

കുടുംബശ്രീ പ്രവര്‍ത്തകരെ ‘പാഠം പഠിപ്പിക്കാന്‍’ സാക്ഷരതാ മിഷന്‍

സംസ്ഥാനത്തെ ഒരു ലക്ഷം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പത്താംതരം, ഹയര്‍സെക്കണ്ടറി പഠനത്തിന് അവസരമൊരുക്കുന്നു. സാക്ഷരതാമിഷന്‍റെ സമ പദ്ധതിയിലൂടെയാണ് ഒരു ലക്ഷം പേര്‍ അക്ഷരവഴിയിലേക്ക് കടക്കുന്നത്. ഇതാദ്യമായാണ് ഇത്രയും വനിതകൾ സാക്ഷരതാ പദ്ധതിയുടെ ഭാഗമാകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. സമ പദ്ധതി മാതൃകാപരമാണെന്ന് ഉദ്ഘാടനം പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പദ്ധതിയുടെ ലോഗോ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ് ഹരികിഷോറിന് നൽകി പ്രകാശനം ചെയ്തു.

സ്ത്രീശാക്തീകരണം വിദ്യാഭ്യാസത്തിലൂടെ എന്നതാണ് സമ പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രകാരം പഠനത്തിനുള്ള മുഴുവന്‍ ചിലവുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കും. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 1000 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാകും പദ്ധതി നടപ്പിലാക്കുക. പദ്ധതിയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഈ മാസം 31 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.