പൌരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ യു.ഡി.എഫും സഹകരിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. 26ന് നടക്കുന്ന മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കണമെന്നും കാനം ആവശ്യപ്പെട്ടു. ഇന്ന് സംസ്ഥാന വ്യാപകമായി എല്‍.ഡി.എഫ് പ്രതിഷേധ പരിപാടികള്‍ നടത്തും.
പൌരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വേദി പങ്കിട്ടത് യു.ഡി.എഫില്‍ തര്‍ക്കത്തിനിടയാക്കുകയും മേലില്‍ എല്‍.ഡി.എഫിനൊപ്പം സമരത്തിനില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിനോടാണ് കാനം രാജേന്ദ്രന്റെ പ്രതികരണം. ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ടുന്ന സാഹചര്യമാണ് വന്നുചേര്‍ന്നിരിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.
പൌരത്വ ഭേദഗതി പിന്‍വലിക്കുക, ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കുക, മതപരമായ വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ഇന്ന് വൈകിട്ട് ഇടത് മുന്നണിയുടെ പ്രതിഷേധം. തിരുവനന്തപുരത്ത് ഇടത് മുന്നണി കണ്‍വീനര്‍ എ.വിജയരാഘവനും എറണാകുളത്ത് കാനം രാജേന്ദ്രനും മറ്റ് ജില്ലകളില്‍ കക്ഷി നേതാക്കളും പങ്കെടുക്കും. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഇന്നും പ്രക്ഷോഭപരിപാടികള്‍ നടന്നു. തിരുവനന്തപുരം ചിറയിന്‍കീഴ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് ഉപരോധിച്ചു.