കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരുന്ന ഗോകുലം കേരള എഫ്.സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള പോരാട്ടം യാഥാര്‍ഥ്യമാകുന്നു. വരുന്ന 15ന് കേരള പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തിലാണ് കേരളത്തിന്റെ രണ്ട് കൊമ്പന്‍ ടീമുകള്‍ നേരിട്ട് ഏറ്റുമുട്ടുന്നത്. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 3.30നാണ് മത്സരം.
ഐലീഗില്‍ ഗോകുലവും ഐ.എസ്.എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സും കളിക്കുന്നതിനാല്‍ റിസര്‍വ് ടീമുകളായിരിക്കും കോഴിക്കോട് ഏറ്റുമുട്ടുക. ഡ്യൂറന്റ് കപ്പും ബംഗ്ലദേശില്‍ ഷേഖ് കമാല്‍ കപ്പും നേടി കരുത്ത് കാണിച്ച ഗോകുലം ഐ ലീഗിലും മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഐ.എസ്.എല്ലില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ഏഴു മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു മത്സരം മാത്രം ജയിച്ച ബ്ലാസ്റ്റേഴ്‌സ്, മൂന്ന് തോല്‍വിയും മൂന്ന് സമനിലയുമായി ആറു പോയിന്റുമായി എട്ടാമതാണ്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സമനിലയില്‍ തപ്പിത്തടയുന്ന ബ്ലാസ്റ്റേഴ്‌സ് കെ.പി.എല്ലില്‍ കരുത്തുതെളിയിക്കാന്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടായ കോഴിക്കോട് ഗോകുലത്തിനെ തോല്‍പിക്കുക അവര്‍ക്ക് എളുപ്പമാകില്ല.
എ, ബി ഗ്രൂപ്പുകളിലായി 10 ടീമുകളാണ് കെപിഎല്ലില്‍ മത്സരിക്കുക. പ്രാഥമിക റൗണ്ടില്‍ ഓരോ ടീമിനും നാല് കളികള്‍ വീതമാണുള്ളത്. ഗ്രൂപ്പ് എയില്‍ ബ്ലാസ്റ്റേഴ്‌സിനും ഗോകുലത്തിനും പുറമേ ഗോള്‍ഡന്‍ ത്രെഡ് എഫ്‌സി, കോവളം എഫ്‌സി, ലൂക്ക എഫ്‌സി എന്നീ ടീമുകളാണുള്ളത്.
ഗ്രൂപ്പ് ബിയില്‍ കേരള പൊലീസ്, എഫ്.സി കേരള, സാറ്റ് തിരൂര്‍, കോലഞ്ചേരി എം.എ കോളജ്, കണ്ണൂര്‍ എഫ്.സി ടീമുകളും മത്സരിക്കുന്നു. ഓരോ ഗ്രൂപ്പുകളിലേയും ടീമുകള്‍ തമ്മില്‍ പരസ്പരം ഓരോ തവണ മത്സരിക്കും. എല്ലാ മത്സരങ്ങളും വൈകിട്ട് 3.30നാണ് നടക്കുക.