എക്കാലത്തെയും മികച്ച ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന് ഡച്ച് ഇതിഹാസതാരം റൂഡ് ഗുള്ളിറ്റ്. രാജ്യത്തിനു വേണ്ടിയും കളിച്ച എല്ലാ ക്ലബ്ബുകൾക്കും വേണ്ടി വലിയ കിരീടങ്ങൾ നേടിയ താരമാണ് ക്രിസ്റ്റ്യാനോയെന്നും രാജ്യത്തിനു വേണ്ടി കിരീടം നേടിയാൽ മാത്രമേ ലയണൽ മെസ്സിക്ക് ക്രിസ്റ്റ്യാനോക്കൊപ്പമെത്താൻ കഴിയുകയുള്ളൂവെന്നും ഗുള്ളിറ്റ് പറഞ്ഞു. 1988-ൽ യൂറോകപ്പ് നേടിയ ഹോളണ്ട് ടീമിന്റെ ക്യാപ്ടനായിരുന്ന ഗുള്ളിറ്റ് 1987-ലെ ബാളൻ ഡോർ ജേതാവ് കൂടിയാണ്.
ക്രിസ്റ്റ്യാനോ ഏറ്റവും മികച്ച കളിക്കാരനാണോ എന്ന സഹപാനലിസ്റ്റിന്റെ ചോദ്യത്തിന് മറുപടിയായാണ് ഗുള്ളിറ്റ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. മാസങ്ങള്‍ക്കു മുമ്പ് നടത്തിയ ഈ അഭിപ്രായപ്രകടനം ക്രിസ്റ്റ്യാനോയുടെ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
‘അതെ. (ക്രിസ്റ്റ്യാനോ എക്കാലത്തെയും ഏറ്റവും മികച്ച കളിക്കാരനാണെന്ന്) ഞാൻ കരുതുന്നു. കാരണം അദ്ദേഹം തന്റെ രാജ്യത്തിനു വേണ്ടി യൂറോപ്യൻ കിരീടങ്ങൾ നേടിയിട്ടുണ്ട്. കളിച്ച ക്ലബ്ബുകൾക്കെല്ലാം വേണ്ടി അദ്ദേഹം കിരീടം നേടി. ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കി. മൂന്ന് വ്യത്യസ്ത രാജ്യങ്ങളിൽ കളിച്ച് സ്വർണപ്പന്ത് അഞ്ചോ ആറോ തവണ നേടി. കളിച്ച ഏത് ടീമിനുമൊപ്പം അദ്ദേഹമുണ്ടാക്കിയ നേട്ടം അവിശ്വസനീയമാണ്. അർജന്റീനക്കൊപ്പം മെസ്സിക്ക് ഇത് ചെയ്യാൻ കഴിഞ്ഞാൽ അദ്ദേഹവും അടുത്തെത്തും. മെസ്സിയും മികച്ച കളിക്കാരനാണ്. പക്ഷേ, മൂന്ന് വ്യത്യസ്ത രാജ്യങ്ങളിൽ മികവ് തെളിയിച്ച താരമാണ് ക്രിസ്റ്റ്യാനോ.’
കളിച്ച ഏത് ടീമിനുമൊപ്പം അദ്ദേഹമുണ്ടാക്കിയ നേട്ടം അവിശ്വസനീയമാണ്. അർജന്റീനക്കൊപ്പം മെസ്സിക്ക് ഇത് ചെയ്യാൻ കഴിഞ്ഞാൽ അദ്ദേഹവും അടുത്തെത്തും. മെസ്സിയും മികച്ച കളിക്കാരനാണ്.
റൂഡ് ഗുള്ളിറ്റ്
‘ക്രിസ്റ്റ്യാനോ തന്റെ തൊഴിലിനോട് പുലർത്തുന്ന നീതി… തൊഴിൽ നൈതികതയുടെ പേരിൽ അദ്ദേഹത്തെ എല്ലാവരും ബഹുമാനിക്കുന്നു. ഇപ്പോഴും കൂടുതൽ ആരോഗ്യവാനായിരിക്കാൻ വേണ്ടി അദ്ദേഹം പ്രയത്നിക്കുന്നു.’ ഗുള്ളിറ്റ് പറഞ്ഞു.