കൊല്ലം ശക്തികുളങ്ങരയിൽ നിന്നും കടലിൽ കാണാതായ നാല് മത്സ്യത്തൊഴിലാളികളും തിരിച്ചെത്തി. വാടി കടപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് ഇവരെ രക്ഷപ്പെടുത്തിയത്. കേടായതിനെത്തുടർന്ന് കടലിൽ ഒഴുകിയ ബോട്ട് തോട്ടപ്പള്ളി ഭാഗത്ത് നിന്ന് കണ്ടെടുക്കുകയായിരുന്നു.
ശനിയാഴ്ച വൈകിട്ട് ശക്തികുളങ്ങരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മുജീബ്, മജീദ്, സാബു, യേശുദാസൻ എന്നിവരെ ഞായറാഴ്ച പുലർച്ചെയോടെയാണ് കാണാതാവുന്നത്. പ്രോപ്പല്ലറിൽ വലകുരുങ്ങി ബോട്ട് തകരാറിലായ ഇവർ ഈ വിവരം സുഹൃത്തുക്കളെ ഫോൺ വിളിച്ച് അറിയിച്ചിരുന്നു.
മറൈൻ എൻഫോഴ്സ്മെണ്ടും കോസ്റ്റ് കാർഡും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ട് ദിവസം സഹായം തേടി കടലിൽ കഴിഞ്ഞ ഇവരെ ഇന്നലെ ഉച്ചക്ക് ശേഷം തോട്ടപ്പള്ളി ഭാഗത്ത് നിന്നും മത്സ്യതൊഴിലാളികൾ തന്നെ കണ്ടെത്തുകയായിരുന്നു. ബോട്ട് തകരാറിലായി ഓടിക്കാനാകാതെ വന്നപ്പോൾ കാറ്റിലും തിരയിലും പെട്ട് ഒഴുകിപ്പോവുകയായിരുന്നുവെന്ന് രക്ഷപ്പെട്ടെത്തിയ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. രണ്ടു ദിവസം കടലിൽ കഴിഞ്ഞതിനാൽ നാലു പേരെയും കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് മത്സ്യത്തോഴിലാളികളെ വീട്ടിലേക്കയച്ചു.