ലയണല്‍ മെസി അധികം വൈകാതെ വിരമിക്കുമെന്ന യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാന്‍ ഫുട്ബോള്‍ ലോകം തയ്യാറാകണമെന്ന് ബാഴ്സലോണ പരിശീലകന് ഏണസ്റ്റോ വാല്‍വര്‍ദെ. അര്‍ജന്റീന താരത്തെ പരിശീലിപ്പിക്കാന്‍ കഴിഞ്ഞത് തന്റെ പരിശീലക ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞകാര്യമാണെന്നും വാല്‍വര്‍ദെ കൂട്ടിച്ചേര്‍ത്തു. സ്പാനിഷ് ലാലിഗയില്‍ ബാഴ്സലോണയുടെ മത്സരത്തിന് മുമ്പ് മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു പരിശീലകന് മെസിയുടെ വിരമിക്കലിനെക്കുറിച്ച് പ്രതികരിച്ചത്.
വിരമിക്കലിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ നല്‍കിയത് മെസി തന്നെയായിരുന്നു. ആറാംതവണ ബാലണ്‍ ഡിഓര്‍ പുരസ്കാരം നേടിക്കൊണ്ട് സംസാരിക്കവേയായിരുന്നു അത്. ‘ഈ നിമിഷങ്ങള്‍ കൂടുതല്‍ ആസ്വാദ്യകരമാണ്. പ്രത്യേകിച്ചും എന്റെ വിരമിക്കല്‍ അടുത്തുവരുന്ന സമയത്ത്’ എന്നായിരുന്നു ലയണല്‍ മെസി പറഞ്ഞത്.
മെസിക്ക് 32 വയസായി. വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നതിലും പറയുന്നതിലും അസ്വാഭാവികമായി ഒന്നുമില്ല. നിശ്ചിത പ്രായം കഴിയുമ്പോള്‍ എല്ലാ കളിക്കാരും വിരമിക്കലിനെക്കുറിച്ച് ചിന്തിക്കാറുണ്ട്. എന്നാല്‍ അതിനര്‍ഥം രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ മെസി വിരമിക്കുമെന്നല്ല- വാല്‍വര്‍ദെ പറഞ്ഞു.
അര്‍ജന്റീനയുടെ തന്നെ ഇതിഹാസ താരം ആല്‍ഫ്രഡോ ഡി സ്റ്റെഫാനോയുമായാണ് മെസിയെ വാല്‍വര്‍ദെ താരതമ്യപ്പെടുത്തിയത്. റയല്‍ മാഡ്രിഡിന് അഞ്ച് തവണ യൂറോപ്യന്‍ കപ്പ് നേടിക്കൊടുത്ത കളിക്കാരനാണ് ഡി സ്റ്റെഫാനോ. പഴയ തലമുറയില്‍ പെട്ടവര്‍ ഡിസ്റ്റെഫാനോയെകുറിച്ച് പറഞ്ഞതുപോലെ നമുക്ക് മെസിയെക്കുറിച്ച് പറയാം. മെസിയുടെ കളി അടുത്തു നിന്നു കാണാനായതു തന്നെ വലിയ കാര്യമാണ്.
‘എനിക്ക് ലഭിച്ച പ്രത്യേക സൗഭാഗ്യത്തെക്കുറിച്ചും എനിക്ക് നല്ല ധാരണയുണ്ട്. മെസിയെ പരിശീലിപ്പിക്കാന്‍ ലഭിച്ച അവസരമാണത്. പലപ്പോഴും എനിക്ക് ആ നിമിഷങ്ങള്‍ മുഴുവന്‍ ആസ്വദിക്കാനായിട്ടില്ല. വര്‍ഷം കഴിയും തോറും മെസിക്കൊപ്പം ചിലവഴിച്ച സമയത്തിന്റെ ഓര്‍മകള്‍ കൂടുതല്‍ ആസ്വാദ്യകരമാകും’ എന്നും ബാഴ്സലോണ പരിശീലകന് പറഞ്ഞു.
ലാലിഗയില്‍ 31 പോയിന്റുമായി ബാഴ്സലോണയും റയല്‍ മാഡ്രിഡും ഒന്നാം സ്ഥാനം പങ്കിടുകയാണ്. സീസണില്‍ ഇതുവരെ മെസി 11 ഗോളുകള്‍ നേടിയിട്ടുണ്ട്.