എം.പിമാരായ ടി.എൻ പ്രതാപനെയും ഡീൻ കുര്യാക്കോസിനെയും സസ്പെൻഡ് ചെയ്യാൻ നീക്കം. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തിയെന്ന ബി.ജെ.പി എം.പി മാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സർക്കാർ പ്രമേയം ലോകസഭ സ്പീക്കർ അംഗീകരിച്ചു. വിഷയം തിങ്കളാഴ്ച പരിഗണിക്കും. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ലോക്സഭയിൽ ചർച്ച നടക്കവെ വിഷയത്തിൽ അഭ്യന്തരമന്ത്രി മറുപടി നൽകണമെന്നായിരുന്നു കോൺഗ്രസ് എം.പിമാരുടെ ആവശ്യം.
ഇതിനിടയിൽ മറുപടി പറയാനായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എഴുന്നേറ്റപ്പോൾ എം.പിമാരായ ടി.എൻ പ്രതാപനും ഡീൻ കുര്യാക്കോസും കസേരയിൽ നിന്നും എഴുന്നേറ്റു പ്രതിഷേധിച്ചിരുന്നു. പീന്നീട് സഭ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു. സഭ പിന്നീട് സമ്മേളിക്കുമ്പോഴേക്കും സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തി, മുഷ്ടി ചുരുട്ടി ആക്രോശിച്ചു, മർദ്ദിക്കുമെന്ന് ആഗ്യം കാണിച്ചു തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് സ്പീക്കർക്ക് ബി.ജെ.പി എം.പിമാർ പരാതി നൽകിയിരുന്നു. വിഷയത്തിൽ ഒരു മണിക്കൂറിനകം മാപ്പുപറയാൻ സ്പീക്കറുടെ കസേരയിലിരുന്ന മീനാക്ഷി ലേഖി ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല.
ഇതോടെയാണ് സസ്പെൻഷൻ നടപടികളിലേക്ക് കടന്നത്. സർക്കാർ പ്രമേയം ലോക്സഭാ സ്പീക്കർ അംഗീകരിച്ചു. എന്നാൽ ബി.ജെ.പി ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആണെന്നും ചർച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് നീക്കമെന്നും ഡീൻ കുര്യാക്കോസും ടി എൻ പ്രതാപനും പ്രതികരിച്ചു.