24-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും. മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്യുക. പാസ്ഡ് ബൈ സെന്‍സര്‍ ആണ് ഉദ്ഘാടന ചിത്രം.
ഇനി ഒരാഴ്ച തലസ്ഥാനത്ത് ലോകസിനിമകളുടെ വസന്തോല്‍വസം. വൈകിട്ട് ആറിനാണ് ഔപചാരിക ഉദ്ഘാടനമെങ്കിലും രാവിലെ മുതൽ ചിത്രങ്ങളുടെ പ്രദർശനമുണ്ടാകും.. ആകെ 14 വേദികളിലായി 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങളാണ് മേളയിലുള്ളത്. 53 ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമായിരിക്കും മേളയിൽ. ആദ്യ ദിനം 16 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ഉദ്ഘാടനച്ചടങ്ങിന് ശേഷം നിശാഗന്ധിയില്‍ തുര്‍ക്കി ചിത്രം പാസ്ഡ് ബൈ സെന്‍സർ പ്രദർശിപ്പിക്കും.
നടി ശാരദയാണ് ഉദ്ഘാടനച്ചടങ്ങിലെ വിശിഷ്ടാതിഥി. സ്വയംവരം ഉൾപ്പെടെ ശാരദ അഭിനയിച്ച ചിത്രങ്ങൾ റെട്രോസ്പെക്ടീവ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. 13നാണ് മേളയുടെ സമാപനം. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട അർജന്റെന്‍ സംവിധായകൻ ഫെർണാണ്ടോ സൊളാനസിന്റെ ചിത്രങ്ങളും മേളയിലുണ്ട്.