ഐ.എസ്.എല്ലില്‍ തുടര്‍ച്ചയായ ആറാം മത്സരത്തിലും ജയമില്ലാതെ കേരള ബ്ലാസ്റ്റേഴ്സ്. മികച്ച പ്രകടനം നടത്താനായെങ്കിലും മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ സമനില നേടാനേ ബ്ലാസ്റ്റേഴ്സിന് സാധിച്ചുള്ളൂ. മുംബൈ സിറ്റി എഫ്.സിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഓരോ ഗോളടിച്ചാണ് ഇരു ടീമുകളും സമനില പാലിച്ചത്. മത്സരത്തിന്റെ 75–ാം മിനിറ്റിൽ മികച്ചൊരു ഗോളുമായി റാഫേൽ മെസ്സിയാണ് ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചത്. എന്നാൽ, രണ്ടു മിനിറ്റിനുള്ളിൽ അമീൻ ചെർമിതിയിലൂടെ മുംബൈ തിരിച്ചടിച്ചതോടെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് വീണ്ടുമൊരു നിരാശ സമ്മാനിച്ചുകൊണ്ട് സമനില.
രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. മത്സരത്തിന്റെ തുടക്കം മുതല്‍ പ്രസ്സിങ് ഗെയിം കാഴ്ചവെച്ച ബ്ലാസ്റ്റേഴ്സ് നിരവധി അവസരങ്ങളാണ് ആദ്യ 32 മിനിറ്റിനുള്ളില്‍ തന്നെ സൃഷ്ടിച്ചത്. 25-ാം മിനിറ്റില്‍ മെസ്സിയുടെ ഉഗ്രനൊരു ബൈസിക്കിള്‍ കിക്ക് മുംബൈ ഗോള്‍കീപ്പര്‍ അമരീന്ദര്‍ മുഴുനീളന്‍ ഡൈവിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു.
75ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കൂട്ടത്തോടെയുള്ള മുന്നേറ്റം മുംബൈ പ്രതിരോധത്തിൽ സൃഷ്ടിച്ച അങ്കലാപ്പ് മുതലെടുത്ത് റാഫേൽ മെസ്സിയാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ലക്ഷ്യം കണ്ടത്. സ്കോർ 1–0
ബ്ലാസ്റ്റേഴ്സിന്റെ ഗോളാഘോഷത്തിന് ആയുസ് രണ്ടു മിനിറ്റ് മാത്രം. പതിവുപോലെ പ്രതിരോധം പാളിപ്പോയൊരു നിമിഷത്തിൽ മുംബൈയ്ക്ക് സമനില ഗോൾ. ബ്ലാസ്റ്റേഴ്സ് നേടിയ ഗോളുമായി ഏറെ സാമ്യമുള്ള ഗോൾ അമീൻ ചെർമിതി വക. ഗോളിലേക്ക് ഉന്നമിട്ട മുബൈയുടെ ആദ്യശ്രമം രഹനേഷ് തടുത്തിട്ടതാണ്. പക്ഷേ പന്ത് കയ്യിലൊതുക്കാനായില്ല. റീബൗണ്ടിലേക്ക് ചാടിവീണ ചെർമിതി പന്ത് വലയിലേക്ക് തട്ടിയിട്ടു. സ്കോർ 1–1