കേരളത്തില്‍ ബജറ്റിനൊപ്പം ശ്രദ്ധ നേടുന്ന ഒന്നായി മാറി കിഫ്ബി. പദ്ധതികൾക്ക് ബജറ്റിന് പുറത്ത് പണം കണ്ടെത്താൻ സർക്കാർ രൂപീകരിച്ച സംവിധാനം തുടങ്ങിയിട്ട് രണ്ട് വർഷം പിന്നിടുന്നു. ഇപ്പോൾ ധന സമാഹരണത്തിന് പുറമേ നിക്ഷേപ പദ്ധതികളിലേക്കും കിഫ്ബി കടന്നു.
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവസ്റ്റ്മെന്റ് ഫണ്ട് ബോർഡ് അഥവാ കിഫ്ബി തുടങ്ങുമ്പോൾ വിമർശനങ്ങളായിരുന്നു ലഭിച്ചത്. എന്നാൽ 50,000 കോടി ലക്ഷ്യമിട്ട കിഫ്ബി 512 പദ്ധതികൾക്കായി 41,325 കോടിയിലാണെത്തിയിരിക്കുന്നത്. ഇതിൽ 234 പദ്ധതികൾക്കായി 9,882 കോടി ടെൻഡർ ചെയ്തു. 158 പദ്ധതികൾക്കായി 7,440 കോടി രൂപ നിർമാണ കരാർ നൽകി. 1,150കോടി കിഫ്ബി വഴി കൈമാറുകയും ചെയ്തു. ആദ്യമൊന്നു പകച്ചെങ്കിലും വിഭവ സമാഹരണത്തിന്റെ ആണിക്കല്ലായി കിഫ്ബി മാറി. പദ്ധതി മുന്നോട്ട് പോകുമ്പോൾ നിക്ഷേപത്തിനും ഊന്നൽ നൽകി.
പ്രവാസി ചിട്ടി കൂടി പ്രാബല്യത്തിലായതോടെ കിഫ്ബിക്ക് മുതൽകൂട്ടാകുകയാണ്. ബാങ്ക് ലോണുകളും മസാല ബോണ്ടുകളും വഴി അധിക വിഭവസമാഹരണമാണ് ലക്ഷ്യമിടുന്നത്. പദ്ധതികളുടെ ഗുണ നിലവാരമുയർത്താനും ഇഴഞ്ഞു നീങ്ങൽ ഒഴിവാക്കാനും കിഫ്ബിക്ക് സാധിക്കുന്നുവെന്നും വിലയിരുത്തപ്പെടുന്നു. അധിക പണം ചിലവഴിക്കുന്ന ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ പ്രത്യേക സംവിധാനത്തിനും സർക്കാർ അനുമതി ലഭിച്ചതോടെ കിഫ്ബി ബജറ്റുകൾക്ക് താങ്ങാവുകയാണ്.