India National

ജയില്‍ മോചിതനായ മുൻധനമന്ത്രി പി ചിദംബരം ഇന്ന് പാര്‍ലമെന്‍റില്‍

ഐ.എൻ.എക്സ് മീഡിയ കേസിൽ ജയില്‍ മോചിതനായ മുൻധനമന്ത്രി പി ചിദംബരം ഇന്ന് പാര്‍ലമെന്‍റിലെത്തും. അവസരം ലഭിച്ചാല്‍ പി ചിദംബരം സർക്കാറിനെതിരെ രൂക്ഷ വിമർശമുന്നയിച്ചേക്കും. മാധ്യമങ്ങളെ കാണുമെന്ന് ‌ഇന്നലെ ചിദംബരം അറിയിച്ചിരുന്നു. രാവിലെ 11 മണിക്ക് മുമ്പ് സുപ്രീംകോടതി ജാമ്യം അനുവദിച്ച പി ചിദംബരം പുറത്തിറങ്ങിയത് ഇന്നലെ രാത്രി എട്ട് മണിക്കാണ്.

മാധ്യമങ്ങളോട് സംസാരിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും തന്റെ അന്യായ തടവിനെക്കുറിച്ച് ആഞ്ഞടിച്ച് ചിദംബരത്തിൻറ ആദ്യ പ്രതികരണം. തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സ്വാതന്ത്ര്യത്തിൻറ ശുദ്ധവായു ശ്വസിക്കാനായതിൽ സന്തോഷമുണ്ടെന്നും പ്രതികരണം.

മോചനത്തിന് ശേഷം ആദ്യമായി രാജ്യസഭയിലെത്തുന്ന പി ചിദംബരം സഭയില്‍ നടത്തുന്ന ആദ്യ പ്രതികരണമെന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഉച്ചക്ക് 12.30ന് എ.ഐ.സി.സി ആസ്ഥാനത്ത് ചിദംബരം മാധ്യമങ്ങളെ കാണും. ഐ.എന്‍.എക്സ് മീഡിയ ഇടപാടിൽ സി.ബി.ഐയുടെയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റേയും കേസുകളിൽ നൂറു ദിവസത്തിലധികമാണ് പി ചിദംബരം തടവിൽ കഴിഞ്ഞത്.