മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപവത്കരണ നീക്കങ്ങള്‍ക്കിടെ ബി.ജെ.പിയുമായും ദേവേന്ദ്ര ഫഡ്നവിസുമായും അജിത് പവാര്‍ കൂടിക്കാഴ്ച നടത്തിയകാര്യം തനിക്കറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. എന്‍.ഡി.ടി.വിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തിയല് നടത്തിയത്. ഫഡ്നാവിസുമായി തന്റെ അനന്തരവനായ അജിത് ചര്‍ച്ച നടത്തുന്ന കാര്യം അറിഞ്ഞിരുന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തോളം കാര്യങ്ങള്‍ എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും പവാര്‍ പറഞ്ഞു. അജിത് പവാര്‍ ബി.ജെ.പിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത വിവരമറിഞ്ഞ് ശരിക്കും ഞെട്ടിയെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചൂടേറിയ ചര്‍ച്ചകളില്‍ അജിത് പവാര്‍ അതൃപ്തനായിരുന്നുവെന്ന് ശരദ് പവാര്‍ പറഞ്ഞു. ”കോണ്‍ഗ്രസ് കൂടുതല്‍ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു. അജിത് ഇതില്‍ ഒട്ടും സന്തോഷവാനായിരുന്നില്ല. ഞാനും അജിതും യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. കാര്യങ്ങള്‍ ഇങ്ങനെയെങ്കില്‍ പിറ്റേന്ന് എങ്ങനെ കോണ്‍ഗ്രസുമായി ചേര്‍ന്ന് മന്ത്രിസഭ രൂപീകരിക്കുമെന്ന് അജിത് മറ്റു നേതാക്കളോട് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ആ രാത്രിയാണ് അജിത്, ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയത്.” – ശരദ് പവാര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് രാഷ്ട്രപതി പദവിയും മകള്‍ക്ക് കേന്ദ്രമന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തെന്ന വാര്‍ത്തകള്‍ തെറ്റാണ്. ദേശീയതാത്പര്യം മുന്‍നിര്‍ത്തി സഹകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി സംസാരിച്ചത്. മകളുടെ രാഷ്ട്രീയരംഗത്തെ മികവിനെക്കുറിച്ച് മാത്രമാണ് മോദി അന്നത്തെ ചര്‍ച്ചയില്‍ പറഞ്ഞത്. പാര്‍ലമെന്റില്‍ സുപ്രിയ നന്നായി പ്രവര്‍ത്തിക്കുന്നതായും പ്രധാനമന്ത്രി സൂചിപ്പിച്ചു.
മഹാരാഷ്ട്രയില്‍ പ്രതിപക്ഷത്തിരിക്കാനായിരുന്നു തങ്ങളുടെ തീരുമാനം. സര്‍ക്കാര്‍ രൂപീകരിക്കുന്നത് ഒരിക്കലും ചിന്തിച്ചിരുന്നില്ല. തിരഞ്ഞെടുപ്പിന് മുമ്പ് ശിവസേനയുമായി ഒരു ചര്‍ച്ചയും നടത്തിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്ത് ഇരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ബി.ജെ.പി വാഗ്ദാന ലംഘനം നടത്തിയതിനെ ചൊല്ലി സേനയില്‍ അതൃപ്തിയാണെന്ന് അറിഞ്ഞതോടെ സഞ്ജയ് റാവുത്തുമായി ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അതൊരു മികച്ച തുടക്കമായിരുന്നു. സഞ്ജയ് കൃത്യമായി കാര്യങ്ങള്‍ ഉദ്ധവിനെ ധരിപ്പിച്ചതോടെ സര്‍ക്കാര്‍ രൂപീകരണത്തിലേക്കു കാര്യങ്ങള്‍ എത്തിയെന്നും ശരദ് പവാര്‍ വ്യക്തമാക്കി.