ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഫീസ് വര്‍ധനയ്ക്കെതിരായ വിദ്യാര്‍ഥി സമരം തുടരവേ വിദ്യാര്‍ഥികള്‍ക്ക് അന്ത്യശാസനവുമായി അധികൃതര്‍. എല്ലാ വിദ്യാര്‍ഥികളും അവരുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ജെ.എന്‍.യു അധികൃതര്‍ നിര്‍ദേശിച്ചു. ചൊവ്വാഴ്ച പുറത്തിറത്തിയ സര്‍ക്കുലറിലാണ് ഇത് സംബന്ധിച്ച പരാമര്‍ശം ഉള്ളത്. വിദ്യാര്‍ഥികള്‍ സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് ഹാജരാകണമെന്നും നിശ്ചിത തീയതിക്കുള്ളില്‍ തീസിസുകള്‍ സമര്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നവരെ പുറത്താക്കുമെന്നും അധികൃതര്‍ അറിയിച്ചു. അക്കാദമിക് കലണ്ടര്‍ പ്രകാരം ഡിസംബര്‍ 12ന് തന്നെ പരീക്ഷകള്‍ ആരംഭിക്കും. പരീക്ഷയ്ക്ക് ഹാജരാകാത്തവര്‍ പുറത്താകുക മാത്രമല്ല അവര്‍ക്ക് അടുത്ത സെമസ്റ്ററിന് രജിസ്റ്റര്‍ ചെയ്യാനാകില്ലെന്നും രജിസ്ട്രാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.
ഹോസ്റ്റല്‍ ഫീസ് ഉള്‍പ്പെടെ വര്‍ധിപ്പിച്ചതിനെതിരെയാണ് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥി സമരം തുടരുന്നത്. കഴിഞ്ഞദിവസം വിദ്യാര്‍ഥി യൂണിയന് പ്രതിനിധികള്‍ മാനവശേഷി മന്ത്രാലയ സെക്രട്ടറി ആര്.സുബ്രഹ്മണ്യനുമായി ചര്‍ച്ച നടത്തിയിരുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പരസ്യമാക്കണമെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. ഫീസ് വര്‍ധന പൂര്‍ണമായി പിന്‍വലിച്ചാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്മാറൂ എന്നും വിദ്യാര്‍ഥികള്‍ ആവര്‍ത്തിച്ചു പറയുന്നു.