സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. നാളെയും മറ്റന്നാളും ലക്ഷദ്വീപിനോട് ചേർന്ന മേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്ദേശമുണ്ട്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ്;
കിഴക്കൻ കാറ്റ് ശക്തിപ്പെട്ടതിനെ തുടർന്നും തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെയും മറ്റു ആഗോള പ്രതിഭാസങ്ങളുടെയും ഭാഗമായി അടുത്ത 48 മണിക്കൂറിൽ തമിഴ്നാട്ടിലും കേരളത്തിലും ഇടിയോടു കൂടെ ശക്തമായ മഴ ലഭിച്ചേക്കും. തമിഴ്നാട് തീരപ്രദേശത്തെ എട്ടു ജില്ലകളിൽ അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയേക്കാം.
◾കേരളത്തിലും മഴക്ക് സാധ്യത
നവം: 22 ലെ നമ്മുടെ പോസ്റ്റിൽ പറഞ്ഞതു പ്രകാരം കേരളത്തിലും ഇന്നും നാളെയും ശക്തി പെട്ടേക്കും. തമിഴ്നാട് തീരത്ത് സമുദ്ര നിരപ്പിൽ നിന്ന് 0.9 Km ഉയരത്തിലായി രൂപപ്പെട്ട ന്യൂനമർദ്ദ പാത്തിയാണ് തമിഴ്നാട്ടിൽ അടുത്ത മണിക്കൂറുകളിൽ കനത്ത മഴക്ക് കാരണമാകുക.
കേരള വെതറിന്റെ നിഗമന പ്രകാരം ഇന്ന് ഉച്ചക്ക് മുമ്പ് കന്യാകുമാരി, നാഗർകോവിൽ ഭാഗത്തു നിന്ന് മഴ തിരുവനന്തപുരം, കൊല്ലം ജില്ലകളിലേക്ക് എത്തും.
ഉച്ചയ്ക്ക് ശേഷം എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത. മലപ്പുറം ജില്ലയിലെ കാറ്റിന്റെ അസ്ഥിരത കാരണം വണ്ടൂർ, നിലമ്പൂർ മേഖലകളിലും പരിസര പ്രദേശത്തും വൈകിട്ടോ രാത്രിയോ അധികം നീണ്ടു നിൽക്കാത്ത ശക്തമായ മഴ പ്രതീക്ഷിക്കാം. വടക്കൻ ജില്ലകളിലെ മറ്റു ജില്ലകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യത. പലക്കാട്, തൃശൂർ ജില്ലകളിൽ ഇന്ന് ശക്തമായ കാറ്റിനും സാധ്യതയുണ്ട്.